മുതിര്‍ന്ന നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നു. ഹിന്ദി നാടകമായ കുസുറിലാണ് അമോല്‍ പലേക്കര്‍ അഭിനയിക്കുന്നത്. ബുക് മൈ ഷോയിലൂടെ നാടകം ബുക്ക് ചെയ്യാം. മുംബൈ എൻസിപിഎയില്‍ 24നാണ് നാടകം.

ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷമാണ് അമോല്‍ പലേക്കര്‍ നാടകരംഗത്തേയ്‍ക്ക് തിരിച്ചെത്തുന്നത്. അമോല്‍ പലേക്കര്‍ സന്ധ്യ ഗോഖലെയുമായി ചേര്‍ന്നാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വിരമിച്ച എസിപിയായിട്ടാണ് അമോല്‍ പലേക്കര്‍ നാടകത്തില്‍ അഭിനയിക്കുക. ഡാനിഷ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് നാടകം. ക്രൈം വിഭാഗത്തിലുള്ളതാണ് നാടകം. ഹിന്ദി, മറാത്തി ഭാഷകളില്‍ ഒട്ടനവധി ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‍ത കലാകാരനാണ് അമോല്‍ പലേക്കര്‍. 1971ല്‍ പ്രദര്‍ശനത്തിന് എത്തിയ മറാത്തി ചിത്രമായ ശാന്തതയാണ് ആദ്യമായി അഭിനയിച്ച സിനിമ. മറാത്തി നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് അമോല്‍ പലേക്കര്‍ കലാരംഗത്ത് എത്തുന്നത്. അമോല്‍ പലേക്കര്‍ സംവിധാനം ചെയ്‍ത പഹേലി ഓസ്‍കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.