രജനികാന്തിന്റെ സിനിമകള്‍ പ്രഖ്യാപിച്ചാല്‍ അന്നു മുതല്‍ കാത്തിരിപ്പിലായിരിക്കും ആരാധകര്‍. അണ്ണാത്തെ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്ന തിയ്യതി പ്രവര്‍ത്തകര്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.

ഒക്ടോബര്‍ 10ന് ആണ് ചിത്രീകരണം വീണ്ടും തുടങ്ങുക. രജനികാന്ത് 10ന് ഹൈദരാബാദില്‍ സിനിമയില്‍ ജോയിൻ ചെയ്യും. ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗമാണ് രജനികാന്ത് ഹൈദരാബാദില്‍ എത്തുക.  മറ്റുള്ള അഭിനേതാക്കാളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹൈദരാബാദില്‍ എത്തും. പ്രകാശ് രാജ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക.

അണ്ണാത്തെയുടെ ആദ്യ ഷെഡ്യൂള്‍  ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പൂര്‍ത്തിയായിയിരുന്നു. രണ്ടാമത്തെ ഷെഡ്യൂൾ വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു, എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ തന്നെ രണ്ടാമത്തെ ഷെഡ്യൂളും ആരംഭിച്ചു. പക്ഷേ രാജ്യത്തും കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തേണ്ടിവന്നു. സിനിമ പ്രവര്‍ത്തകരുടെ രക്ഷയെ കരുതി  ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ രജനികാന്ത് ആവശ്യപ്പെടുകയും ചെയ്‍തിരുന്നു.

എന്തായാലും സിനിമ വീണ്ടും ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ തന്നെയാകും സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുക. ഒരു ആക്ഷൻ രംഗം ചെന്നൈയിലും ചിത്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയാകും അണ്ണാത്തെ എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

അജിത്തിന്റെ വൻ വിജയമായ വിശ്വാസം എന്ന സിനിമയ്‍ക്ക് ശേഷമാണ് സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അണ്ണാത്തെ വൻ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ചിത്രത്തിന് വേണ്ടി ഇൻട്രോ സോംഗ് ആലപിച്ചിരിക്കുന്നത്. രജനികാന്തിന്റെ മുൻ ചിത്രമായ ദര്‍ബാറിലും ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഗാനം വൻ ഹിറ്റായിരുന്നു.  എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു രജനികാന്ത്. കുറെക്കാലത്തിന് ശേഷമാണ് രജനികാന്ത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥാപാത്രമായി എത്തുന്നത്.