തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവുമധികം ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കുന്നത് ഇവരാണ്

അന്‍പറിവ് എന്ന പേര് കേട്ടാല്‍ത്തന്നെ തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനസിലേക്കെത്തുന്ന ഒരു ആവേശമുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയെടുത്ത പേരാണ് അത്. 2012 ല്‍ അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ ആരംഭിച്ച ചലച്ചിത്രയാത്ര ഇന്ന് കെജിഎഫിലും വിക്രത്തിലും ലിയോയിലും സലാറിലുമൊക്കെ എത്തിനില്‍ക്കുന്നു. ആക്ഷന്‍ കൊറിയോഗ്രാഫേഴ്സ് എന്നതില്‍ നിന്ന് സിനിമയുടെ മറ്റൊരു പ്രധാന മേഖലയിലേക്കും അവര്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്.

അതെ, തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ആക്ഷന്‍ കൊറിയോഗ്രാഫര്‍മാന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ നായകനായി സംവിധായകന്‍ ലോകേഷ് കനകരാജ് ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അവരില്‍ ആരുമല്ല, സാക്ഷാല്‍ കമല്‍ ഹാസനാണ് അന്‍പറിവിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലെ നായകന്‍. കമല്‍ ഹാസന്‍റെ 237-ാം ചിത്രമാണിത്. കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2025 ലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

Scroll to load tweet…

ദിലീപ് നായകനായ ബാന്ദ്രയാണ് അന്‍പറിവിന്റെ സംഘട്ടന സംവിധാനത്തില്‍ മലയാളത്തില്‍ അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. എന്നാല്‍ ഓണം റിലീസ് ആയെത്തി വന്‍ വിജയം നേടിയ ആര്‍ഡിഎക്സിലൂടെയാണ് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലെ മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും വെവ്വേറെ തരത്തിലുള്ള ആയോധന രീതികളാണ് അന്‍പറിവ് ഒരുക്കിയത്. ഷെയ്ന്‍ നിഗവും ആന്‍റണി വര്‍ഗീസും നീരജ് മാധവും അതില്‍ തിളങ്ങുകയും ചെയ്തിരുന്നു.

ALSO READ : സുരേഷ് ഗോപിക്കൊപ്പം ആ തമിഴ് താരം; 'വരാഹം' ചിത്രീകരണം പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം