ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദാണ് ചിത്രം നിർമ്മിക്കുന്നത്
ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ത്രില്ലറാണ് അഞ്ചക്കള്ളകോക്കാൻ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി ഇന്നലെ ചിത്രത്തിന്‍റെ ട്രെയ്‌ലർ എത്തിയിരുന്നു. കോമഡി പശ്ചാത്തലമുള്ള കളർഫുൾ ആക്ഷൻ ത്രില്ലർ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‍ലര്‍. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ വ്യൂസ് ആണ് ട്രെയ്‍ലര്‍ നേടിയിരിക്കുന്നത്.
ഭാഷ അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജ് എടുക്കുന്ന ഒരു പോലീസ് കോൺസ്റ്റബിലിന്റെ വേഷമാണ് ഇതിൽ ലുക്മാൻ അവറാൻ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന പോലീസുകാരന്റെ വേഷത്തിൽ ചെമ്പൻ വിനോദും. അതോടൊപ്പം മണികണ്ഠൻ ആർ ആചാരി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ്, സെന്തിൽ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. വെസ്റ്റേൻ രീതിയിലാണ് ചിത്രത്തിന്റെ മുഴുനീള ട്രീറ്റ്‍മെന്‍റ് എന്നാണ് ട്രെയ്‍ലറില്‍ നിന്നും മനസിലാകാൻ സാധിക്കുന്നത്.
ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്ന് രചിച്ചിരിക്കുന്നു. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം. എഡിറ്റിങ്ങ് രോഹിത് വി. എസ്. വാര്യത്ത്.
ALSO READ : ഉള്ളുലയ്ക്കുന്ന 'തങ്കമണി'; റിവ്യൂ

