തന്നെ വളരെയധികം വേദനിപ്പിച്ച സംഭവം പറഞ്ഞ് ലക്ഷ്മി നക്ഷത്ര.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്കു ശേഷം ലക്ഷ്മി നക്ഷത്ര പങ്കുവെച്ച വ്ളോഗും ശ്രദ്ധിക്കപ്പെടുകയാണ്. സോഷ്യൽ മീഡിയ നെഗറ്റീവ് കമന്റുകളും, റിയാക്ഷനുകളും തന്നെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ലക്ഷ്മി വ്ളോഗിൽ പറയുന്നുണ്ട്. അത്തരമൊരു സംഭവം ഉണ്ടായതിനെത്തുടർന്ന് ഒരു തവണ താൻ കേസ് കൊടുത്തിരുന്നു എന്നും താരം വെളിപ്പെടുത്തി.
തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് ലക്ഷ്മി പറയുന്നു. അൻപതു വയസു കഴിഞ്ഞ ഒരാളിൽ നിന്നാണ് ഈ ദുരനുഭവം ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു. ''ഒരു മോശം റിയാക്ഷൻ വീഡിയോ എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ആള് ആരാണെന്നോ, ചാനൽ ഏതാണെന്നോ ഞാൻ പറയുന്നില്ല. ഞാൻ കാരണം ഒരു പ്രമോഷൻ അദ്ദേഹത്തിന് കൊടുക്കണം എന്ന് തോന്നുന്നില്ല. അൻപത് കഴിഞ്ഞ ഒരാളാണ്, കോട്ടൊക്കെ ഇട്ടാണ് വീഡിയോയിൽ കാണുന്നത്. എന്നെ വാർക്കപണിക്കാരി എന്നാണ് അയാൾ വീഡിയോയിൽ വിശേഷിപ്പിച്ചത്. എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മോശമായി പറഞ്ഞു. എനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരു വാക്കും കൂടി ഉപയോഗിച്ചു. അത് എന്താണെന്ന് ഞാൻ പറയുന്നില്ല.
അങ്ങനെ ഞാൻ കേസ് ഫയൽ ചെയ്തു. പുള്ളിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നേരിട്ട് കണ്ടപ്പോൾ വീഡിയോയിൽ കണ്ടതു പോലെയേ ആയിരുന്നില്ല. വിനയത്തോടെയുള്ള പെരുമാറ്റം. എനിക്ക് ഒരു കുഴപ്പവുമില്ല, ഞാൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് അയാളോട് ഞാൻ പറഞ്ഞു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ കുറച്ച് കാശിന് അത്യാവശ്യം ഉണ്ടായിരുന്നു, ആ വീഡിയോയ്ക്ക് റീച്ച് കിട്ടിയാൽ ആവശ്യമുള്ള കുറച്ച് കാശ് കിട്ടും, അതിന് വേണ്ടി ചെയ്തതാണ് എന്നായിരുന്നു കിട്ടിയ മറുപടി. ഇന്നേവരെ ആർക്ക് എതിരേയും ഞാൻ കേസ് കൊടുത്തിട്ടില്ല. പക്ഷെ അയാൾക്കെതിരെ അത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അന്നു തന്നെ അദ്ദേഹം വേറൊരു വീഡിയോ ഇട്ടു. എന്നെ കുറിച്ച് നല്ലത് പറഞ്ഞും മാപ്പ് പറഞ്ഞുമുള്ളതായിരുന്നു ആ വീഡിയോ'', എന്നും ലക്ഷ്മി വ്ളോഗിൽ പറഞ്ഞു. പിന്നീട് ആ കേസ് താൻ പിൻവലിച്ചതായും ലക്ഷ്മി കൂട്ടിച്ചേർത്തു.



