ഇത്തവണ ഗ്ലാമർ താരമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ആര്യനെയാണ്.
മോഹൻലാലിന്റെ ആശംസകളോടെ 19 മത്സരാർത്ഥികൾ ഇന്നലെ ബിഗ് ബോസ് മലയാളം സീസൺ 7 ഹൗസിൽ കയറി. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, വിവാദ താരങ്ങൾ, ഗായകർ, എൽജിബിറ്റിക്യു കമ്യൂണിറ്റിയിലുള്ളവർ അടക്കം നിലവിൽ ഹൗസിൽ ഉണ്ട്. ഒറ്റയ്ക്കും കൂട്ടായും ഇനി അവർ എന്തൊക്കെയാകും ചെയ്യുന്നതെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. വന്ന ആദ്യദിനം തന്നെ ഹൗസിൽ തർക്കങ്ങളും പ്രശ്നങ്ങളും തുടങ്ങിയിട്ടുണ്ട് എന്നത് വ്യക്തമാണ്. മുന്നോട്ട് ഇനി എന്തൊക്കെ സ്ട്രാറ്റജികളാകും മത്സരാർത്ഥികൾ പുറത്തെടുക്കുകയെന്നും ഷോ സ്റ്റീലറായി ആരൊക്കെ മാറുമെന്നും ഇവയെ അവതാരകനായ മോഹൻലാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാനും പ്രേക്ഷകരിൽ ആകാംക്ഷ ഏറെയാണ്.
ഈ സാഹചര്യത്തിൽ ബിഗ് ബോസ് മലയാളം സീസൺ 7നെയും മത്സരാർത്ഥികളെയും കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണം എങ്ങനെയൊക്കെ ആണെന്ന് നോക്കാം. ബിഗ് ബോസ് ഹൗസിൽ ആദ്യമായി എത്തിയത് കോമണറായ അനീഷ് ആണ്. ഇന്നലെ മുതൽ തന്നെ ചർച്ചകളിൽ ഇടം നേടാൻ അനീഷിന് സാധിച്ചിട്ടുണ്ട്. അതൊരു പോസിറ്റീവും ആണ്. എന്നാൽ അനീഷിന്റെ ആരെയും കൂസാത്ത ആറ്റിറ്റ്യൂഡും എല്ലാം അറിയാമെന്ന ഭാവവും തുടക്കത്തിലെയുള്ള ഒരുപരിധി കടന്ന ആവേശവും പ്രേക്ഷകർക്ക് എത്രത്തോളം ദഹിക്കും എന്നത് സംശയമാണ്. എന്തായാലും ആദ്യ രണ്ട് ദിവസങ്ങളിൽ ഷോ സ്റ്റീലറും ഷോയിൽ നിറഞ്ഞതും അനീഷ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. രതീഷ് 2.0 എന്നാണ് പലരും കമന്റ് ചെയ്യുന്നതും.
ഇത്തവണ ഗ്ലാമർ താരമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ആര്യനെയാണ്. മോഡൽ, സിനിമാനടൻ, സ്പോർട്സ്, ഡാൻസ് എന്നിവയില്ലെല്ലാം നിറസാന്നിധ്യമായ ആര്യൻ ഇതിലൂടെ വോട്ട് നേടുമെന്ന് ഉറപ്പാണ്. ഒപ്പം എന്റർടെയ്നറാണ് ആര്യനെന്നും പ്രേക്ഷകാഭിപ്രായം ഉണ്ട്. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ആളാണ് ഷാനവാസ് ഷാനു. മിനിസ്ക്രീനിലൂടെ വലിയ ആരാധകവൃന്ദമുള്ള ഷാനവാസ്, ശാരീരികമായും മാനസികമായും ശക്തനായ ഒരു വ്യക്തിയാണ്. ടാസ്ക്കുകളിലും മറ്റും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. വോട്ട് കിട്ടാനും സാധ്യതയേറെയാണ്. മുന്നോട്ടുള്ള യാത്രയിൽ ഷാനവാസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ ഒരുപക്ഷേ ടോപ് 5ലും ഷാനവാസ് എത്തുമെന്നും പ്രേക്ഷകർ പറയുന്നു.
ഒരുപാട് നെഗറ്റീവുമായി ബിഗ് ബോസ് ഹൗസിൽ എത്തിയ ആളാണ് രേണു സുധി. ഇവരുടെ ബിഗ് ബോസ് ജീവിതം കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നുമുണ്ട്. പ്രേക്ഷക പിന്തുണയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രകടനവും മികച്ചതായാൽ രേണുവിനും മുന്നോട്ട് പോകാം. ശാരിക, ആദില-നൂറ, മുൻഷി രഞ്ജിത്ത്, അഭിശ്രീ തുടങ്ങിയവർക്കും ആദ്യ ദിനത്തിൽ പ്രേക്ഷക ശ്രദ്ധനേടാൻ കഴിഞ്ഞിട്ടുണ്ട്. മുന്നോട്ട് എങ്ങനെയാകും ഓരോരുത്തരും എന്നത് അനുസരിച്ചായിരിക്കും പ്രേക്ഷക പിന്തുണയേറുന്നത്. ഇപ്പോൾ ഫ്രെയിമിൽ ഇല്ലാത്തവർ കയറിവരാനും സാധ്യതയേറെയാണ്.



