മീനാക്ഷി അനൂപ് സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്നു. അച്ഛന്റെ ഉപദേശപ്രകാരം 18-ാം വയസ്സിൽ ചെറിയ തുകകൾ സേവ് ചെയ്യാൻ തുടങ്ങിയെന്നും ആവശ്യങ്ങൾ കഴിഞ്ഞ് മിച്ചം വരുന്ന പണം സേവ് ചെയ്യേണ്ടത് പ്രധാനമാണെന്നും പറയുന്നു.

ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതരണത്തിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനാക്ഷിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ മീനാക്ഷി സംസാരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'സേവ് ചെയ്ത് വെക്കാൻ പഠിക്കുക എന്നത് വലിയ കാര്യമാണ്'

''നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കെെകാര്യം ചെയ്യുക എന്നത് വലിയ കാര്യമാണ്. ഒരോ രൂപയ്ക്കും അതിന്റേതായ വിലയുണ്ട്. അത് അറിഞ്ഞ് കെെകാര്യം ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ എന്നോട് ഇനി പെെസ കെെകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞു കുഞ്ഞ് സേവിംഗ്സ് ഉണ്ടാക്കണം എന്ന് പറഞ്ഞു.

ഞാൻ എല്ലാ പ്രാവശ്യവും ഒരു നൂറു രൂപ വെച്ച് തരാം. നീ അത് സേവ് ചെയ്യ്. എങ്ങനെ പോകുമെന്ന് നോക്കാമെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് സ്വന്തമായി സേവ് ചെയ്യാൻ പറ്റുന്നുണ്ട്. കിട്ടുന്ന അഞ്ച് രൂപയാണെങ്കിലും പത്ത് രൂപയാണെങ്കിലും അത് ചെലവാക്കാതെ എടുത്ത് വെക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുന്നത് വലിയ കാര്യമാണ്. നമുക്ക് കിട്ടുന്ന പെെസ ആവശ്യങ്ങൾക്ക് തികയുന്നില്ലെങ്കിൽ അത് സേവിംഗ്സിലേക്ക് പോകില്ല. പക്ഷെ ആവശ്യങ്ങൾ കഴിഞ്ഞി‌ട്ടും മിച്ചമുണ്ടെങ്കിൽ അത് സേവ് ചെയ്ത് വെക്കാൻ പഠിക്കുക എന്നത് വലിയ കാര്യമാണ്.

അച്ഛൻ കൊമേഴ്സ് സാറായിരുന്നു. അച്ഛന് കൃത്യമായി പഠിപ്പിക്കാൻ പറ്റുന്ന കാര്യമാണ് സാമ്പത്തിക അച്ചടക്കം. ഞാൻ സേവ് ചെയ്യാൻ തുടങ്ങുന്ന സമയത്ത് അച്ഛൻ എന്നോട് പറഞ്ഞത് മ്യൂച്ചൽ ഫണ്ടിലേക്ക് ഇൻവെസ്റ്റ് ചെയ്യണം, ക്രിപ്റ്റോ കറൻസിയെക്കുറിച്ച് പഠിച്ച് അതിലേക്ക് ഇൻവെസ്റ്റ് ചെയ്യണം എന്നൊക്കെയാണ്'', മീനാക്ഷി അനൂപ് അഭിമുഖത്തിൽ പറഞ്ഞു.