ഇന്ന് താനൊരു ചെറിയ സംവിധായകനാണെങ്കിലും, നൂറ് വർഷം കഴിഞ്ഞാലും തൻ്റെ സിനിമകൾ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് മാരി സെൽവരാജ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അർജുന അവാർഡ് ജേതാവ് മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ബൈസൺ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
ധ്രുവ് വിക്രമിനെ നായകനാക്കി മാറി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച സംസാരിക്കുകയാണ് മാരി സെൽവരാജ്. നൂറ് വര്ഷം കഴിഞ്ഞാലും തന്റെ സിനിമകൾ നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇന്ന് താനൊരു ചെറിയ സംവിധായകനാണെന്നും മാരി സെൽവരാജ് പറയുന്നു. ദി ക്യൂ സ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാരി സെൽവരാജിന്റെ പ്രതികരണം.
"ഇന്ന് ഞാനൊരു ചെറിയ സംവിധായകനാണ്. ചെറിയ സിനിമകള്‍ സംവിധാനം ചെയ്യുന്നത് കൊണ്ട് വലിയ ബിസിനസ് നടക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവര്‍ വലിയ സംവിധായകര്‍ ആണ്. സമൂഹത്തിനോട് ഫൈറ്റ് ചെയ്ത് സിനിമകള്‍ ചെയ്യുന്നവരെ ചെറിയ സംവിധായകനായാണ് ഇന്ന് കാണുന്നത്, പക്ഷേ എന്റെ അവസാന നാളുകളില്‍ ഞാന്‍ സിനിമ ചെയ്യാന്‍ കഴിയാതെ വയ്യാതെ ഇരിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നും. കൊമേഴ്ഷ്യല്‍ സിനിമകളെ താണ്ടി ആളുകള്‍ സിനിമ ചെയ്യാന്‍ വരും. ആ സമയത്ത് എന്റെ സിനിമകള്‍ ഒരു ലൈബ്രറിയില്‍ എന്ന പോലെ അവിടെ ഉണ്ടാകും.ഈ സമൂഹത്തിന് ഞാൻ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരം ഇപ്പോഴല്ല, അവസാനം ആകുമ്പോഴേ മനസിലാകൂ.എന്റെ സിനമകള്‍ നൂറ് വര്ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണം." മാരി സെൽവരാജ് പറഞ്ഞു.
തിയേറ്ററുകളിൽ മുന്നേറി ബൈസൺ
അതേസമയം അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏഴിൽ അരശാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവാസ് പ്രസന്നയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ബൈസൺ നിര്‍മിച്ചിരിക്കുന്നത്.



