അഭിനേതാവ് എന്ന നിലയില്‍ പ്രശസ്‍തിയിലേക്ക് ഉയര്‍ന്നപ്പോഴും കടന്നുവന്ന സൗഹൃദവഴികളെ വിസ്‍മരിക്കാതിരുന്ന മനുഷ്യനായിരുന്നു അനില്‍ പി നെടുമങ്ങാട്. അതകൊണ്ടുതന്നെ സ്‍കൂള്‍കാലം മുതല്‍ക്കുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്ന അനിലിന്‍റെ മരണശേഷം അദ്ദേഹവുമായി നടത്തിയിരുന്ന ആശയവിനിമയത്തിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പലരും പങ്കുവച്ചിരുന്നു. താരം എന്ന തലക്കനമൊന്നുമില്ലാതെ ആശയസംവേദനം നടത്തുന്ന, രാഷ്ട്രീയം സംസാരിക്കുന്ന ഒരാളെയാണ് ആ ചാറ്റ് ബോക്സുകളിലൊക്കെ കാണുന്നത്. ഇപ്പോഴിതാ തന്‍റെ സ്കൂള്‍ സഹപാഠികളുടെ വാട്‍സ് ആപ് ഗ്രൂപ്പില്‍ അനില്‍ അയച്ച ക്രിസ്‍മസ്, ന്യൂഇയര്‍ സന്ദേശത്തിന്‍റെ ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സൗഹൃദങ്ങള്‍ക്ക് ഈ മനുഷ്യന്‍ നല്‍കിപ്പോന്ന വിലയെന്തെന്ന് വെളിവാക്കുന്നതാണ് അതിലെ വാക്കുകള്‍. നെടുമങ്ങാട് മഞ്ച ബോയ്‍സ് സ്കൂളിലാണ് അനില്‍ പഠിച്ചത്. ക്രിസ്‍മസ്, ന്യൂഇയര്‍ ആശംസകള്‍ നേരുന്ന അനില്‍ സ്കൂള്‍ കാലത്തെയും സ്‍മരിക്കുന്നുണ്ട്. അന്നേ തനിക്കുള്ള സിനിമാഭ്രാന്തിനെക്കുറിച്ച് പറയുന്ന അദ്ദേഹം ഉച്ചയ്ക്ക് ശേഷം മിക്കപ്പോഴും ക്ലാസില്‍ കയറുമായിരുന്നില്ലെന്ന് പറയുന്നു. കമല്‍ഹാസന്‍റെയും രജനീകാന്തിന്‍റെയും സിനിമകള്‍ കാണാനായി തീയേറ്ററുകളിലേക്കായിരുന്നു ആ നേരം ഓടിയെത്താറെന്നും അനിലിന്‍റെ വാക്കുകള്‍.