മലയാള സിനിമാപ്രേമികള്‍ക്ക് ആഘാതമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു അനില്‍ പി നെടുമങ്ങാടിന്‍റെ അപ്രതീക്ഷിത മരണം. ചുരുക്കം കഥാപാത്രങ്ങളിലെ മികവുറ്റ പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് അനായാസം ചേക്കെറിയ അദ്ദേഹം ഇനിയും എത്രയോ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ ബാക്കിയാക്കിയാണ് വിട വാങ്ങിയത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി തൊടുപുഴയില്‍ എത്തിയ അദ്ദേഹം മലങ്കര ഡാം സൈറ്റില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ജലാശയങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അനില്‍ അവിടെനിന്നുള്ള സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അത്തരമൊരു പഴയ പോസ്റ്റ് വീണ്ടും അദ്ദേഹത്തിന്‍റെ ആരാധകരുടെ ശ്രദ്ധയിലേക്ക് വേദനിപ്പിച്ചുകൊണ്ട് എത്തുകയാണ്.

 

മൂന്ന് വര്‍ഷം മുന്‍പ് ഡിസംബറില്‍, ഇന്നലെ അപകടമുണ്ടായ അതേ ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ തന്‍റെ ചിത്രമാണ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2017 ഡിസംബര്‍ 29ന്. ആഷിക് അബു ചിത്രം 'മായാനദി' തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്. ജലാശയത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം, മായാനദി പരാമര്‍ശിച്ച് പ്രണയത്തെക്കുറിച്ച് ആലങ്കാരമായി ചില വരികളും അദ്ദേഹം ഒപ്പം കുറിച്ചു. അതിങ്ങനെ- "ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ നദിയെങ്കി നദി, മുങ്ങാം കൂടെ മുങ്ങാൻ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം"..

 

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്ന അനില്‍ പി നെടുമങ്ങാട് സുഹൃത്തുക്കളും ആരാധകരുമായി ആ പ്ലാറ്റ്ഫോമിലൂടെ ഏറെ സംവദിക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയുള്ള സുഹൃത്തുക്കളുടെ തമാശ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. 'മുങ്ങിപ്പോയാലോ ചേട്ടാ' എന്ന ചോദ്യത്തിന് 'മുങ്ങണം' എന്നാണ് അദ്ദേഹത്തിന്‍രെ മറുപടി. 'രക്ഷപെടുത്തുമല്ലോ, നീന്താന്‍ അറിയില്ല' എന്ന മറ്റൊരു കമന്‍റിന് 'രക്ഷപെടരുത്' എന്നാണ് അനിലിന്‍റെ മറുപടി. 'അയ്യോ മുങ്ങല്ലേ' എന്ന മറ്റൊരു സുഹൃത്തിന്‍റെ കമന്‍റിന് 'ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപെട്ടു പോം' എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. തൊടുപുഴ ഷൂട്ടിംഗിനിടയിലെ ഒരു ദിവസമാണെന്നും കമന്‍റുകളില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്.