മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ഗോൾഡൻ വിസ(UAE Golden Visa) സ്വീകരിച്ച് നടിയും മോഡലുമായ അഞ്ജലി അമീർ. വിസ ലഭിച്ച വിവരം അഞ്ജലി അമീർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ മുന്നിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് . ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി ഇ ഒ ഇഖ്ബാൽ മാർക്കോണി, ആദിൽ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസൽ തുടങ്ങിയവർ പങ്കെടുത്തു. ‌

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിതയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.

അതേസമയം, ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം 'ബെർനാ‍ഡ്' ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം. ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

View post on Instagram

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.