താന്‍ അവതാരകയായ ടെലിവിഷന്‍ കുക്കറി ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ നടി ആനി സമൂഹമാധ്യമങ്ങളില്‍ സമീപകാലത്ത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഷോയില്‍ അതിഥികളായി എത്തിയ യുവതലമുറയിലെ മറ്റു നടിമാരോട് ആനി പറഞ്ഞ പല അഭിപ്രായങ്ങളും പാരമ്പര്യവാദത്തില്‍ ഊന്നിയതും സ്ത്രീവിരുദ്ധവും ആണെന്നായിരുന്നു ആക്ഷേപം. ഒട്ടേറെ ട്രോളുകളും ആനിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ഇറങ്ങിയിരുന്നു. മേക്കപ്പിന്‍റെ ഉപയോഗത്തെക്കുറിച്ച് നടി നിമിഷ സജയനുമായുള്ള ആനിയുടെ സംഭാഷണമാണ് അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് പറഞ്ഞതിനെ അത്ഭുതത്തോടെ കേട്ടിരുന്ന ആനി സിനിമാനടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇത് ചില വീഡിയോ ട്രോളുകള്‍ക്കുള്ള ഉള്ളടക്കവുമായി.

എന്നാല്‍ ഷോയില്‍ എത്തിയ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്‍തതെന്ന് പറയുന്നു ആനി. അഭിനയിക്കുന്ന കാലത്ത് മേക്കപ്പ് ഇല്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താനും ആഗ്രഹിച്ചിട്ടുണ്ടെന്നും പറയുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആനി. "നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷം ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിച്ചിട്ടാണ് പല ട്രോളുകളും. ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്‍തത്. വിസ്‍മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. ഞങ്ങളുടെ കാലത്ത് അതിന് വലിയ ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പില്ലാതെ അവതരിപ്പിക്കാനാവുന്ന ഒരു കഥാപാത്രത്തിനുവേണ്ടി അഭിനയിക്കുന്ന കാലത്ത് ഞാന്‍ കൊതിച്ചിട്ടുണ്ട്. ഇപ്പോഴും ആ ആഗ്രഹം നടന്നിട്ടില്ല. മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു", ആനി പറയുന്നു.

ഒരു കൂട്ടുകുടുംബത്തിലാണ് താന്‍ വളര്‍ന്നു വന്നതെന്നും ഇപ്പോഴത്തെ കുട്ടികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അന്ന് ഉണ്ടായിരുന്നില്ലെന്നും ആനി പറയുന്നു. "നിയന്ത്രണങ്ങള്‍ ഉള്ളതായിരുന്നു എന്‍റെ ലോകം. വിവാഹത്തിനു ശേഷമാണ് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് അവസരം കിട്ടുന്നത്. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു. പിന്നീട് അമ്മൂമ്മയുടെ സംരക്ഷണയിലാണ് ഞങ്ങള്‍ വളര്‍ന്നത്." സ്വയം പര്യാപ്തത നേടാനും കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കാനുമുള്ള പ്രേരണ എപ്പോഴും വീട്ടുകാരില്‍ നിന്നാണ് കിട്ടിയതെന്നും ആനി പറയുന്നു.