തന്റെ സിനിമകള്‍ക്ക് പേരിടുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പോസ്റ്ററും കൗതുകമുണര്‍ത്തുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ എന്നിവര്‍ വേഷമിടുന്ന സിനിമയുടെ പേര് പേരും പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'വരനെ ആവശ്യമുണ്ട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു പത്രത്തിലെ വൈവാഹിത പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് രസകരമായ പോസ്റ്റര്‍ ഡിസൈന്‍. ഓള്‍ഡ് മങ്ക്‌സ് ആണ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം തുടങ്ങി പ്രഖ്യാപനസമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്. ഈ മാസം അവസാനം തീയേറ്ററുകളിലെത്തും.