വരനെ ആവശ്യമുണ്ട് ആയിരുന്നു അനൂപിന്‍റെ സംവിധാന അരങ്ങേറ്റം

വരനെ ആവശ്യമുണ്ട് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനൂപ് സത്യന്‍ (Anoop Sathyan). സുരേഷ് ​ഗോപി- ശോഭന ജോഡിയെ വീണ്ടരം സ്ക്രീനിലെത്തിച്ച ചിത്രം സാമ്പത്തിക വിജയവുമായിരുന്നു. ദുല്‍ഖര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ കരിയറിലെ രണ്ടാം ചിത്രത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് അനൂപ്. മോഹന്‍ലാല്‍ (Mohanlal) ആണ് ചിത്രത്തിലെ നായകന്‍.

അനൂപിന്‍റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി പങ്കുവച്ചത്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെ മറ്റൊരു പ്രധാന താരവും അഭിനയിക്കുമെന്നും അഖില്‍ പറയുന്നു- വളരെ രസകരമായ, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ചിത്രവുമായി വരികയാണ് അനൂപ്. കംപ്ലീറ്റ് ആക്റ്ററിനൊപ്പം ഇന്ത്യയിലെ എക്കാലത്തെയും പ്രിയ നടന്മാരില്‍ ഒരാളെയും അഭിനയിപ്പിക്കാന്‍ ഒരുങ്ങുകയുമാണ് അനൂപ്, അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ പോസ്റ്റ് വന്നതിനു പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ മോഹ​ന്‍ലാല്‍ ആരാധകര്‍ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ലഘുചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാ​ഗമാണ് ഈ ചിത്രം. ഇതില്‍ രണ്ട് ചിത്രങ്ങളാണ് പ്രിയന്‍ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. രണ്ടാമത്തേത് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ നായകന്‍.

ALSO READ : പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ചത് നിവിന്‍ പോളിയുടെ അച്ഛനായി, ചിത്രീകരണം അവസാനിച്ചത് രണ്ട് ദിവസം മുന്‍പ്