നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന 'അതിരടി' എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകനായും ടൊവിനോ തോമസ് പ്രതിനായകനായും എത്തുന്നു. മിന്നൽ മുരളിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ബേസിൽ ജോസഫിനെ നായകനായക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ബേസിലിനൊപ്പം ടൊവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലൻ കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സിനിമയുടേതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച ബേസിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ടൊവിനോയ്ക്ക് പകരം മറ്റൊരു നടനെയായിരുന്നു ആ കഥാപാത്രത്തിലേക്ക് ആലോചിച്ചിരുന്നത് എന്നാണ് ബേസിൽ പറയുന്നത്. എന്നാൽ പിന്നീടാണ് എന്തുകൊണ്ട് ടൊവിനോയെ കൊണ്ടുവന്നുകൂടാ എന്ന ചിന്ത വന്നതെന്നും ബേസിൽ പറയുന്നു.

"ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു. അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോ​ഗം ചെയ്യാൻ പാടില്ല. അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്." റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.

ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. ഇപ്പോൾ ട്രെൻഡിങ് ആകുന്ന ട്രെയ്‌ലർ കൂടാതെ ചിത്രത്തിൽ നിന്ന് പുറത്ത് വന്ന ഗാനങ്ങളും പ്രോമോകളും എല്ലാം വൈറലാണ്. മികച്ച പ്രീ ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ, ടോവിനോ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു എന്നിവർ പങ്കെടുത്ത ചിത്രത്തിൻ്റെ അതീവ രസകരമായ പ്രമോഷണൽ ഇൻ്റർവ്യൂകൾ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഗൾഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.