ടൈറ്റില്‍ പോസ്റ്റര്‍ അവതരിപ്പിച്ച് മഞ്ജു വാര്യര്‍

മലയാള സിനിമയിലെ സ്ത്രീ സംവിധായകരുടെ നിരയിലേക്ക് ഒരാള്‍ കൂടി. 'വിഷം' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ദീപ അജി ജോണ്‍ ആണ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.

നടനും സംവിധായകനുമായ അജി ജോണിന്‍റെ ഭാര്യയായ ദീപ 'ഊടും പാവും' എന്ന ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'വിഷം'. അജിജോൺ, ഹരീഷ് പേരടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മറ്റു താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. 

പെർസ്പെക്റ്റീവ് സ്റ്റേഷന്‍റെ ബാനറില്‍ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ ആണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ, സംഗീതം വിജയ് മാധവ്, വസ്ത്രാലങ്കാരം സാമിന ശ്രീനു, മേക്കപ്പ് റഷീദ് അഹമ്മദ്, ലൈൻ പ്രൊഡ്യൂസർ അഡ്വ: കെ ആർ ഷിജുലാൽ, ഡിസൈൻസ് ആന്‍റണി സ്റ്റീഫൻസ്. തിരുവനന്തപുരം, ബ്രൈമൂർ, ദില്ലി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. വാർത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona