താരസംഘടനയായ അമ്മയുടെ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന ആവശ്യപ്പെട്ടു. വ്യക്തിപരമായ തർക്കങ്ങളും ഈഗോ പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അവർ ആരോപിക്കുന്നു. 

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവർ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തർക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. ഇനി ഒരിക്കലും സ്ത്രീകൾ ഭരണ സമിതിയിൽ വരാതിരിക്കാൻ പുറത്തു നിന്ന് പ്ലാൻ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്. അൻസിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

"അമ്മ എന്ന സംഘടനയ്ക്കും നടീനടന്മാർക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിഡന്‍റും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അൻസിബ ചെന്ന സമയം മുതൽ അൻസിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അൻസിബ കരഞ്ഞിട്ടുണ്ട്. എത്രയോ പ്രാവശ്യം അൻസിബ രാജിവെയ്ക്കാൻ ഒരുങ്ങി. ചില കാര്യങ്ങളിൽ അൻസിബയുടെ നിലപാട് അങ്ങനെയാണ്. അൻസിബ കാര്യങ്ങൾ തുറന്നു പറയുമ്പോൾ അമ്മയിലുള്ളവർക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അൻസിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവർക്കുണ്ടായിരുന്നു. അൻസിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അൻസിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങൾക്ക് പേടി തോന്നി"- ഉഷ പറഞ്ഞു.

അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.

എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ ഇന്നലെയാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനക്ക് പരാതി നല്‍കി. അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് അമ്മയുടെ ഓഫീസിലേക്ക് അന്‍സിബയെ വിളിപ്പിച്ചു. എന്നാൽ അൻസിബ മറുപടി നൽകിയില്ലെന്നാണ് വിവരം.

YouTube video player