Asianet News MalayalamAsianet News Malayalam

'രക്തബന്ധത്തിനപ്പുറവും ചിലതുണ്ടെന്ന് പഠിപ്പിച്ച മമ്മൂക്ക'; ആന്‍റോ ജോസഫ് എഴുതുന്നു

"ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്"

anto joseph about what he learned from mammootty on his 70th birthday
Author
Thiruvananthapuram, First Published Sep 7, 2021, 10:47 PM IST

സിനിമാ മേഖലയില്‍ മമ്മൂട്ടിക്കൊപ്പം എല്ലായ്പ്പോഴും ചേര്‍ത്തുപറയപ്പെടുന്ന പേരുകളിലൊന്നാണ് ആന്‍റോ ജോസഫിന്‍റേത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റോ ജോസഫ് മമ്മൂട്ടി തനിക്ക് ആരെല്ലാമാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ. ആരാധകര്‍ മമ്മൂട്ടിയിലെ അഭിനേതാവിനെയും അദ്ദേഹത്തിന്‍റെ സൗന്ദര്യത്തെയും വാഴ്ത്തുമ്പോള്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് ബന്ധങ്ങളെ ഏറ്റവും വിലമതിക്കുന്ന അദ്ദേഹത്തിലെ കുടുംബനാഥനെയാണെന്ന് ആ ജീവിതം അടുത്തുനിന്നു കണ്ട ആന്‍റോ ജോസഫ് പറയുന്നു.

ആന്‍റോ ജോസഫ് എഴുതുന്നു

ഇന്ന്, സെപ്റ്റംബര്‍ ഏഴിന് മമ്മൂക്കയുടെ പിറന്നാള്‍ മധുരം ആ കൈകളില്‍ നിന്ന് തന്നെ ഏറ്റുവാങ്ങിയശേഷമാണ് ഇതെഴുതുന്നത്. സത്യമായിട്ടും എനിക്കറിയില്ല എവിടെ തുടങ്ങണമെന്നും എന്താണ് എഴുതേണ്ടതെന്നും. മനസിലിപ്പോള്‍ അലയടിച്ചുവരുന്നത് എത്രയോ നല്ലനിമിഷങ്ങളാണ്. എത്രയെഴുതിയാലും തീരാത്ത ഓര്‍മകള്‍...

മമ്മൂട്ടിയെന്ന നടനെയല്ല, മമ്മൂട്ടിയെന്ന മകനെ, ഭര്‍ത്താവിനെ, അച്ഛനെ, കൊച്ചുമക്കളുടെ പ്രിയപ്പെട്ട ഗ്രാന്‍പായെ, അനുജന്മാരുടെ വല്യേട്ടനെ ആണ് എനിക്ക് പരിചയം. ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്. ലോകമെങ്ങുമുള്ള കുടുംബനാഥന്മാര്‍ റോള്‍മോഡലാക്കേണ്ടയാള്‍. മമ്മൂട്ടിയെപ്പോലെ എന്ന പ്രയോഗം മലയാളികള്‍ സൗന്ദര്യത്തെയും അഭിനയത്തെയുമൊക്കെക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ എപ്പോഴും ആവര്‍ത്തിക്കാറുള്ള ഒന്നാണ്. പക്ഷേ ഈ വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുക മമ്മൂട്ടിയെന്ന കുടുംബനായകനാണ്. മമ്മൂട്ടിയെപ്പോലൊരു കുടുംബനാഥനായിരുന്നെങ്കില്‍ എന്ന് പറയാനാണ് എനിക്കിഷ്ടം.

മമ്മൂട്ടിയെന്ന മകന്‍ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറിപ്പോകുന്നയാളാണ്. മമ്മൂട്ടിയെന്ന ഭര്‍ത്താവ് ഏതുതിരക്കിനിടയിലും എത്ര അകലെയായിരുന്നാലും ഭാര്യയുടെ കാതിനരികെയെത്തുന്നയാളാണ്. മമ്മൂട്ടിയെന്ന അച്ഛന്‍ മക്കള്‍ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്നയാളാണ്. മമ്മൂട്ടിയെന്ന ഗ്രാന്‍പാ മിഠായിമധുരമുള്ള ചക്കരയുമ്മയാണ്. മമ്മൂട്ടിയെന്ന വല്യേട്ടന്‍ ബന്ധങ്ങളുടെ വേരോട്ടമുള്ള വലിയൊരു തണല്‍മരമാണ്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്: 'സുലു എന്‍റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്‍റെ സഹോദര ഭാര്യ സുലുവിന്‍റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.' രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു മമ്മൂക്കയിലെ മകനും ഭര്‍ത്താവും. ഇതിനപ്പുറം എന്ത് സൗന്ദര്യമാണുള്ളത്?  

കോടിക്കണക്കായ ആരാധകര്‍ മമ്മൂക്കയ്ക്കൊപ്പം ഒരു നിമിഷത്തിന് വേണ്ടി കൊതിക്കുമ്പോള്‍ ഓരോ ദിവസവും പുലരുന്നതുമുതല്‍ രാവേറും വരെ അദ്ദേഹത്തിനൊപ്പം നില്‍ക്കാനും നടക്കാനും യാത്രചെയ്യാനും ഈശ്വരന്‍ എനിക്ക് ഭാഗ്യം തന്നു. ആ ദാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.  സുകൃതം എന്ന വാക്കിന്‍റെ അര്‍ഥം ഞാനിപ്പോള്‍ അറിയുന്നു. മമ്മൂക്കയുടെ ഈ ജന്മദിനത്തില്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നതും അതാണ്. ഇനിയും അങ്ങനെതന്നെയാകണേ... ഞാന്‍ എന്നും കാണുന്ന സ്വപ്നത്തിന്‍റെ പേരാണ് മമ്മൂട്ടി. പ്രിയപ്പെട്ട മമ്മൂക്ക... നിങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചില്ലായിരുന്നെങ്കില്‍... എനിക്ക് നിശ്ചലം ശൂന്യമീ ലോകം..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios