മൂന്ന് ചിത്രങ്ങളാണ് ആശിര്‍വാദിന്‍റേതായി പുറത്തുവരാനുള്ളത്

മലയാളസിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ബാനറാണ് ആശിര്‍വാദ് സിനിമാസ്. 2000ല്‍ പുറത്തെത്തിയ നരസിംഹം മുതല്‍12ത്ത് മാന്‍ വരെ 30 ചിത്രങ്ങളാണ് ഈ ബാനറിന്‍റേതായി പുറത്തെത്തിയത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം ബറോസ് അടക്കം മറ്റു മൂന്ന് ചിത്രങ്ങള്‍ വരാനുമുണ്ട്. മലയാളത്തിലെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവുമുയര്‍ന്ന ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ആശിര്‍വാദ് ആണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിന്‍റെ മുതല്‍മുടക്ക് 100 കോടി ആയിരുന്നു. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റം ലൂസിഫറും ബറോസുമൊക്കെ വന്‍ ബജറ്റ് ചിത്രങ്ങളാണ്. മലയാളത്തില്‍ ഒരുങ്ങുന്ന സിനിമകള്‍ ഇത്രയും മുതല്‍മുടക്കില്‍ നിര്‍മ്മിക്കാനുള്ള ധൈര്യം എവിടുന്ന് ലഭിക്കുന്ന എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് എന്നാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ അഭിമുഖത്തിലാണ് ആന്‍റണിയും മോഹന്‍ലാലും സംസാരിക്കുന്നത്.

ലാല്‍ സാര്‍ എന്നൊരു ആള്‍ നമ്മുടെ കൂടെ നില്‍ക്കുമ്പോള്‍ ഞാന്‍ ബജറ്റിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെ കൊണ്ടുനടക്കും എന്ന തോന്നലാണ്. അതുകൊണ്ടാണ് 100 കോടിയോ അതിന് മുകളിലോ ബജറ്റ് ഉള്ള സിനിമകളിലേക്ക് പോകാന്‍ പറ്റുന്നത്. ലൂസിഫര്‍ വരുമ്പോള്‍ ആ സമയത്ത് മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. ആ സമയത്തു തന്നെയാണ് മരക്കാരും നടക്കുന്നത്. അതിനു ശേഷം ലൂസിഫറിന്‍റെ വലിയൊരു വിജയം ഉണ്ടാവുന്നു. മോഹന്‍ലാല്‍ സാര്‍ ബറോസ് പോലെ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അതിന് എല്ലാ സൌകര്യങ്ങളും ചെയ്‍തു കൊടുക്കുക എന്നതാണ് എന്‍റെ ഡ്യൂട്ടി. അതില്‍ സാമ്പത്തികത്തിന്‍റെ കണക്കുകള്‍ നോക്കിയിട്ട് കാര്യമില്ല. മറ്റൊരാളുടെ സിനിമ ചെയ്യുന്ന സമയത്തും അങ്ങനെ കൃത്യമായ കണക്കുകള്‍ നോക്കി സിനിമ പ്ലാന്‍ ചെയ്‍തിട്ടുള്ള ആളല്ല. കാരണം അതില്‍ മോഹന്‍ലാല്‍ സാര്‍ അഭിനയിക്കുന്നതുകൊണ്ടാണ്, ആന്‍റണി പറയുന്നു.

ALSO READ : 'പോസ്റ്റ് പ്രൊഡക്ഷന്‍ തായ്‍ലന്‍ഡില്‍, മിക്സിം​ഗ് ലോസ് ഏഞ്ചല്‍സില്‍'; ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍

വലിയ സിനിമകള്‍ മറ്റൊരു നിര്‍മ്മാതാവിനെക്കൊണ്ട് എടുപ്പിക്കാന്‍ ഭയമാണെന്നും പറയുന്നു മോഹന്‍ലാല്‍. ഒന്നാമത് അതിനവര്‍ തയ്യാറാവണം. പിന്നെ നിര്‍മ്മാണം നടക്കുമ്പോള്‍ പണം മുടക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടാലും ശരിയാവില്ല, മോഹന്‍ലാലിന്‍റെ വാക്കുകള്‍. 

In Conversation With Mohanlal & Antony Perumbavoor | Barroz | L2 Empuraan | Aashirvad Cinemas