Asianet News MalayalamAsianet News Malayalam

'പോസ്റ്റ് പ്രൊഡക്ഷന്‍ തായ്‍ലന്‍ഡില്‍, മിക്സിം​ഗ് ലോസ് ഏഞ്ചല്‍സില്‍'; ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍

ഒരു ഭൂതത്തിന്‍റെ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക

mohanlal about barroz antony perumbavoor Aashirvad Cinemas
Author
First Published Sep 4, 2022, 12:59 PM IST

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തിറക്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്.

ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമമെന്ന് അദ്ദേഹം പറയുന്നു- "പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വര്‍ക്ക് തായ്‍ലന്‍ഡില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചല്‍സിലാണ്. സം​ഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും", മോഹന്‍ലാല്‍ പറയുന്നു.

mohanlal about barroz antony perumbavoor Aashirvad Cinemas

 

ടി കെ രാജീവ് കുമാറിനൊപ്പം ഒരു 3 ഡി നാടകം ചെയ്യാനുള്ള ആലോചന നടക്കുന്ന സമയത്താണ് ജിജോ ബറോസിന്‍റെ ആശയവുമായി എത്തിയതെന്നും മോഹന്‍ലാല്‍ പറയുന്നു- "ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം. അത് ചെയ്യാന്‍ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെയധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്കൊക്കെ ഒരുപാട് ഉപകരണങ്ങള്‍ കൊണ്ടുപോവേണ്ടിയിരുന്നു. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെക്കുറിച്ചും അതിന്‍റെ സിനിമാ സാധ്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്ക്. പക്ഷേ അദ്ദേഹത്തിന് അത് താല്‍പര്യമില്ലായിരുന്നു. കഥയില്‍ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ ആയി രാജീവ് കുമാര്‍ എന്നെ സഹായിക്കാന്‍ വന്നു", മോഹന്‍ലാല്‍ പറയുന്നു.

ALSO READ : 'മിന്നല്‍ മുരളി 2' എപ്പോള്‍? ബേസില്‍ ജോസഫിന്‍റെ പ്രതികരണം

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍.

Follow Us:
Download App:
  • android
  • ios