മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം. പുതുവത്സരദിനത്തില്‍ പുറത്തെത്തിയ ടീസറിനൊപ്പമാണ് ചിത്രം തീയേറ്ററുകളിലേക്കില്ലെന്നും മറിച്ച് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് എന്നും അറിയിപ്പ് എത്തിയത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയ്യതി ആമസോണ്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയ്യതി സംബന്ധിച്ച് നിര്‍മ്മാതാവിന് എന്താണ് പറയാനുള്ളത്? ഈ ചോദ്യത്തിനുള്ള ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി ഇങ്ങനെ..

ഇന്നലെ കൊച്ചിയില്‍ നടന്ന 'ഫിയോക്' ജനറല്‍ ബോഡി യോഗത്തിന്‍റെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെയാണ് ഈ ചോദ്യം ആന്‍റണിയെ തേടി എത്തിയത്. റിലീസ് തീയ്യതി തീരുമാനിക്കേണ്ടത് ആമസോണ്‍ പ്രൈം ആണെന്നും അതേസമയം ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യപ്പെടാനാണ് സാധ്യതയെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു. ചിത്രം ജനുവരിയില്‍ എന്തായാലും റിലീസ് ചെയ്യപ്പെടുകയില്ലെന്ന് സംവിധായകനായ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. "ദൃശ്യം 2ന്‍റെ റിലീസ് റിലീസ് ജനുവരിയില്‍ നടക്കില്ല. കാരണം ജനുവരിയില്‍ ചിത്രം തയ്യാറാവുകയേ ഉള്ളൂ. ജനുവരി അവസാനത്തോടെ സിനിമ ആമസോണ്‍ പ്രൈമിന് നല്‍കും. റിലീസ് തീയ്യതി തീരുമാനിക്കേണ്ടത് ആമസോണാണ്", ജീത്തു പറഞ്ഞിരുന്നു.

 

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.