'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രം

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്നും സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ അത് പരിഗണിക്കുമെന്നും സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സിനിമാവ്യവസായത്തെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന പ്രസ്‍താവനയാണ് ഇത്. തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പുതിയ റിലീസുകളുടെ ആലോചനകളിലുമാണ് സിനിമാലോകം. ഇപ്പോഴിതാ ഒരു ചിത്രം ആദ്യമായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. ആന്‍റണി വര്‍ഗീസിനെ (Antony Varghese) നായകനാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' (Ajagajantharam) എന്ന ചിത്രമാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രം പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നും 300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും പുതിയ പോസ്റ്ററിലൂടെ അണിയറക്കാര്‍ അറിയിക്കുന്നു. അതേസമയം തിയറ്റര്‍ തുറന്നിട്ടില്ലാത്തതുകൊണ്ടുതന്നെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം.

അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്‍റോ ജോർജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. നേരത്തേ പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona