നൂറ് കോടി ക്ലബിലെത്തിയ തെലുങ്ക് ചിത്രം കേരള റിലീസ് പ്രഖ്യാപിച്ചു.

തെലുങ്കില്‍ നിന്നെത്തി ഹിന്ദി മേഖലയിലും പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് 'കാര്‍ത്തികേയ 2'. ഓഗസ്റ്റ് 13ന് റിലീസ് ചെയ്‍ത ചിത്രം 120 കോടിയിലധികം തിയറ്റര്‍ കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍. വൻ ഫാൻ ബേസില്ലാത്ത താരമായിരുന്നിട്ടും നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രം നേടുന്ന വിജയം രാജ്യമൊട്ടാകെയുള്ള നിരൂപകരെയും അമ്പരപ്പിക്കുന്നതാണ്. തെലുങ്കിലും ഹിന്ദിയിലും സര്‍പ്രൈസ് ഹിറ്റായ ചിത്രം കേരളത്തിലും റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കേരളത്തില്‍ വ്യാപക റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം എന്ന് നായികയായ അനുപമ പരമേശ്വരൻ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. സെപ്‍തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചന്ദു മൊണ്ടെട്ടിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ മലയാളം ടീസറും പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…

ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'. രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ 100 കോടിയലധികം നേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്.

YouTube video player

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയും ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. റിലീസ് ചെയ്‍തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചു. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കളക്റ്റ് ചെയ്‍തിരുന്നു.

Read More : സ്‍ക്രീനില്‍ നിറയുന്ന നാടൻ തല്ല്, 'ഒരു തെക്കൻ തല്ല് കേസ്' റിവ്യു