Asianet News MalayalamAsianet News Malayalam

'നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍': അഭിഭാഷക

മുംബൈ പൊലീസ് കേസില്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് നടിയും അഭിഭാഷകനും രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

anurag kashyap denies all allegations in statement to mumbai police
Author
Mumbai, First Published Oct 2, 2020, 6:30 PM IST

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി ബോളിവുഡ് നടി രം​ഗത്തെത്തിയത് വലിയ വാർത്ത ആയിരുന്നു. തുടർന്ന് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തില്‍ ഇന്നലെ അദ്ദേഹത്തെ പൊലീസ് ചോദ്യവും ചെയ്തിരുന്നു. ഇപ്പോഴിതാ നടിയുടെ ആരോപണം മുഴുവന്‍ കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി. 

ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാന രഹിതവുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന 2013 ഓഗസ്റ്റിൽ അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ ആയിരുന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഖിമാനി പറഞ്ഞു. 

തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. അനുരാഗിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മീറ്റൂ മൂവ്‌മെന്റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പിൽ അഭിഭാഷക ആവശ്യപ്പെടുന്നു. 

ടിവി പരിപാടിക്കിടെ ആയിരുന്നു അനുരാഗ് കശ്യപിനെതിരെ നടി ആരോപണമുന്നയിച്ചത്. എന്നാല്‍ നടിയുടെ ആരോപണം അദ്ദേഹം തള്ളി. മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം ഒഷിവാര പൊലീസ് സ്റ്റേഷനിലായിരുന്നു അനുരാ​ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വെര്‍സോവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുംബൈ പൊലീസ് കേസില്‍ അലംഭാവം കാണിക്കുകയാണ് എന്ന് ആരോപിച്ച് നടിയും അഭിഭാഷകനും രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios