'ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന്'

ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് (Anurag Kashyap). 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ സുഹൃത്തുക്കളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടെന്നും ഐഎഫ്എഫ്കെയില്‍ പങ്കെടുക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ഐഎഫ്എഫ്കെയ്ക്ക് എത്താന്‍ ശ്രമിക്കുന്നു. പക്ഷേ സമയത്തിന്‍റെ അപര്യാപ്തത കാരണം സാധ്യമായില്ല. എന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഏറെയും കേരളത്തില്‍ നിന്നാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നാണ്. മുഖ്യധാരയിലും പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. അത് ഈ മണ്ണില്‍ വേരുറപ്പിക്കുന്നതും സമയ കാലങ്ങളെ അടയാളപ്പെടുക്കുന്നതുമാണ്. അത് ഹിന്ദിയില്‍ ഞാന്‍ കാണുന്നില്ല, അനുരാഗ് പറഞ്ഞു.

ഐഎഫ്എഫ്കെ വേദിയില്‍ സര്‍പ്രൈസ് അതിഥിയായി ഭാവന; കരഘോഷത്തോടെ സ്വീകരിച്ച് കാണികള്‍

ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, നടി ഭാവന എന്നിവരും ചടങ്ങിലെ അതിഥികള്‍ ആയിരുന്നു. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലിസ ചലാന് ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലിസയ്ക്ക് പുരസ്കാരം സമ്മാനിച്ചു. മേളയുടെ ഭാഗമാവാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഭാനവയുടെ വാക്കുകള്‍. ഈ ചലച്ചിത്രോത്സവത്തിന്‍റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ക്ഷണിച്ച രഞ്ജിത്ത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആശ്വദിക്കുന്നവര്‍ക്കും ലിസയെപ്പോലെ എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരെയും പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എന്‍റെ എല്ലാവിധ ആശംസകളും, ഭാവന പറഞ്ഞു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എൻ കരുണ്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

അതേസമയം 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.