ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിങ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംവിധായകൻ അനുരാജ് മനോഹറിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിങ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംവിധായകൻ അനുരാജ് മനോഹറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഷൂട്ടിങ് നടന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് കൈമാറി. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നുവെന്നും മകരവിളക്ക് ദിവസം ഷൂട്ട് ഹിൽടോപ്പിൽ വെച്ചായിരുന്നു ഷൂട്ടിങെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്നായിരുന്നു സംവിധായകന്‍റെ വിശദീകരണം. ഷൂട്ടിങിന് പൊലീസ് അനുമതി നൽകിയതായി വിജിലന്‍സ് റിപ്പോര്‍ട്ടിലില്ല. 

ഷൂട്ടിംഗ് നടന്നതിന്‍റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് ദേവസ്വം വിജിലന്‍സ് എസ്‍പി സുനിൽകുമാർ നല്‍കിയത്. സംഭവത്തിൽ തുടര്‍ നടപടികള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ ജയകുമാര്‍ നിയമോപദേശം തേടി. ഏതെല്ലാം ലംഘനങ്ങൾ നടന്നുവെന്ന് ലീഗൽ സെൽ റിപ്പോർട്ട്‌ നൽകാനാണ് നിര്‍ദേശം. സന്നിധാനത്തെ വിലക്ക് ലംഘിച്ചുള്ള ഷൂട്ടിങ് ഏഷ്യാനെറ്റ്‌ ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്.നിയമോപദേശം ലഭിച്ചശേഷമായിരിക്കും വിഷയത്തിൽ ബോര്‍ഡ് തുടര്‍ നടപടി സ്വീകരിക്കുക.