ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന സിനിമയില്‍ നായികയായി അനുഷ്‍ക ശര്‍മ. 

ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ (Jhulan goswami) ജീവിത കഥ സിനിമയാകുന്നു. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. അനുഷ്‍ക ശര്‍മ (Anushka Sharma)തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഛക്ദേ എക്സ്‍പ്രസ്' (Chakda Xpress) എന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് അറിയിച്ച് വീഡിയോയും അനുഷ്‍ക ശര്‍മ പങ്കുവെച്ചിട്ടുണ്ട്.

പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അനുഷ്‍ക ശര്‍മ ഒരിടവേളയ്‍ക്ക് ശേഷമാണ് നടിയായി തിരിച്ചെത്തുന്നത്. അനുഷ്‍ക ശര്‍മയ്‍ക്കൊപ്പം മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

View post on Instagram

കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് ഉടൻ തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രത്തിന്റേതായി വൈകാതെ പ്രഖ്യാപിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മയെ വീഡിയോയില്‍ കാണാം. ഗോസ്വാമിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്.

'രബ് നെ ബന ദി ജോഡി'യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‍ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്‍ക ശര്‍മയ്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്‍ക ശര്‍മ.