നടി അനുഷ്‍ക ശര്‍മ്മ വിരാട് കോലിയുമായി വിവാഹിതയായത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. സാധാരണ ഹിന്ദി നടിമാര്‍ 30 കഴിഞ്ഞ് വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍ നേരത്തെ വിവാഹത്തിന് തയ്യാറായത് എന്തുകൊണ്ടെന്ന് പറയുകയാണ് നടി അനുഷ്‍ക ശര്‍മ്മ. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‍ക ശര്‍മ്മ ഇക്കാര്യം പറയുന്നത്.

നമ്മുടെ സിനിമാ മേഖലയേക്കാളും വികാസംപ്രാപിച്ചവരാണ് പ്രേക്ഷകര്‍. നടൻമാരെ സ്‍ക്രീനില്‍ കാണുന്നതില്‍ മാത്രമാണ് പ്രേക്ഷകര്‍ താല്‍പര്യപ്പെടുന്നത്. നിങ്ങള്‍ വിവാഹിതയാണോ, അതോ അമ്മയാണോ എന്ന കാര്യമൊന്നും അവര്‍ പരിഗണിക്കുന്നില്ല. ഞാൻ വിവാഹിതയായത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അതു ചിലപ്പോള്‍ നേരത്തെയാകാം. പക്ഷേ ഞാൻ വിവാഹിതയായി. കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഞാൻ ഇപ്പോഴും പ്രണയത്തിലാണ്- അനുഷ്‍ക ശര്‍മ്മ പറയുന്നു. വിവാഹം എന്നതാണ് സ്വാഭാവികമായ ഒരു കാര്യമാണ്. സ്‍ത്രീകളുടെ സമത്വത്തിനു വേണ്ടി നിലകൊള്ളുന്നയാളാണ് ഞാൻ. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ മനസ്സില്‍ ഭയംവച്ച് സ്വീകരിക്കാൻ ഇഷ്‍ടപ്പെടുന്നില്ല. വിവാഹിതനാകുകയും തുടര്‍ന്ന് ജോലി തുടരുകയും ചെയ്യുന്നിതില്‍ പുരുഷൻമാര്‍ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല. അപ്പോള്‍ സ്‍ത്രീകളും അക്കാര്യം ആലോചിക്കുന്നത് എന്തിന്.  കൂടുതല്‍ നടിമാര്‍ വിവാഹിതരാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രണയത്തിലുള്ള ആള്‍ക്കാര്‍ അത് പ്രകടിപ്പിക്കട്ടെ. സന്തോഷത്തോടെയുള്ള ദമ്പതികളെ കാണാൻ എന്തു മനോഹരമാണ്- അനുഷ്‍ക ശര്‍മ്മ പറയുന്നു.