എസ് ഐ ആനന്ദ് നാരായണനായി ടൊവിനോ

മലയാളത്തില്‍ സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലറെന്നോ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമയെന്നോ ഒക്കെ പറയാവുന്ന ചിത്രത്തില്‍ എസ് ഐ ആനന്ദ് നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ കാണാം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിം​ഗ്.

അതിനിടെ മറ്റൊരു ത്രില്ലര്‍ ചിത്രവും ഒടിടിയില്‍ എത്തിയിട്ടുണ്ട്. കത്രീന കൈഫ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത മെറി ക്രിസ്മസ് എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമാണിത്. ഹിന്ദിയിലും തമിഴിലുമായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഈ ഭാഷകളില്‍ കൂടാതെ തെലുങ്കിലും കാണാനാവും. ജനുവരി 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 

അന്വേഷിപ്പിന്‍ കണ്ടെത്തും നിര്‍മ്മിച്ചിരിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻപകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. 

ALSO READ : അടുത്ത ചിത്രത്തില്‍ നായകന്‍ ധനുഷ്? ആദ്യ പ്രതികരണവുമായി ചിദംബരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം