"ഫഹദ് ഉണ്ടെങ്കിൽ ആസിനിമ സംവിധായന്‍റെയും ഫഹദിന്‍റെയും സംയുക്ത കലയാണ്"

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ 'മാലിക്കി'ന് അഭിനന്ദനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‍ദുള്ളക്കുട്ടി. മലയാളസിനിമയ്ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ് എന്നു പറയുന്നു അബ്‍ദുള്ളക്കുട്ടി. 

'മാലിക്കി'നെയും ഫഹദിനെയും കുറിച്ച് അബ്‍ദുള്ളക്കുട്ടി

"മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലചിത്രാവിഷ്‍കാരം. സിനിമ സംവിധാകയന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്‍റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്‍റെ സിനിമ കണ്ടുകഴിഞ്ഞാൽ നമ്മള്‍ തിരുത്തി പറയണ്ടിവരും. ഫഹദ് ഉണ്ടെങ്കിൽ ആസിനിമ സംവിധായന്‍റെയും ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടൻ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്‍റെ നാട്ടുകാരൻ അമൽ വരെ. മലയാള സിനിമയ്ക്ക് മാലിക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്കു പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു."

'ദൃശ്യം 2'നും 'ജോജി'ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു മാലിക്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു. ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകന്‍. സംഗീതം സുഷിന്‍ ശ്യാം. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona