യുഎസ്എയിലെ സാൻ ഡീഗോ ഇന്റർനാഷണൽ കുട്ടികളുടെ ചലച്ചിത്രമേളയിൽ തിളങ്ങി മലയാള ചിത്രം അപ്പുവിന്റെ സത്യാന്വേഷണം. സ്പെഷ്യൽ ജൂറി അവാർഡ് ആണ് ചിത്രത്തിന് ലഭിച്ചത്. സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് എവി അനൂപും, മുകേഷ് മേത്തയും ചേർന്നാണ്. മാസ്റ്റര്‍ റിഥുനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ റിഥുന്‍  സ്വന്തമാക്കിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന ചിത്രത്തിൽ പ്രൊഡ്യൂസർ എ.വി.അനൂപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു.