മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് സിനിമാ -സംഗീത-കായിക രംഗത്തെ നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രമുഖരോട് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചത്. ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ എ ആർ റഹ്മാൻ. 

‘തീർച്ചയായും ഞങ്ങൾ അതു ചെയ്യും ജീ... നന്ദി’ എന്നായിരുന്നു റഹ്മാന്റെ മറുപടി. നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് റഹ്മാൻ ഇങ്ങനെ കുറിച്ചത്. 

അതേസമയം മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് കഴിഞ്ഞ ദിവസം നടൻ മോഹന്‍ലാലും മറുപടി നല്‍കിയിരുന്നു. 'തീർ‌ച്ചയായും സർ. ഊർജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കേണ്ടതിന്‍റെ  ആവശ്യത്തെ കുറിച്ച് അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്തമായി കാണുന്നു എന്നായിരുന്നു മോഹൻലാല്‍ ട്വിറ്ററിൽ കുറിച്ചത്.

ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നായിരുന്നു രാജ്യത്തെ മുന്‍നിര താരങ്ങളോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മോദി ട്വിറ്ററില്‍ ടാഗ് ചെയ്തത്.