ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ വേദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.
സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ അമീൻ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു. അമീൻ തന്നെയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്.
മുംബൈ ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടം. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ വേദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം വേദിയുടെ നടുക്കായിരുന്നു അമീന്‍ നിന്നിരുന്നത്. ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തന്‍, അച്ഛനമ്മമാര്‍ കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍, ആത്മീയഗുരു എന്നിവരോട് നന്ദിയറിയിക്കുന്നു എന്ന് അമീന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തനും അച്ഛനമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, ആത്മീയഗുരുക്കന്മാരോടും നന്ദിയറിയിക്കുന്നു. ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നു. സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാവാന്‍ എനിക്കും ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല', എന്നാണ് അമീൻ അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.
അപകടത്തെക്കുറിച്ച് റഹ്മാനും പ്രതികരിച്ചു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ മകൻ എആർ അമീനും ടീമും വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. അൽഹംദുലില്ലാഹ് (ദൈവാനുഗ്രഹത്താൽ) അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ല. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ട്. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി, ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്‌ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്,” എന്നാണ് റഹ്മാൻ പറഞ്ഞത്.
മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന സിനിമയിലൂടെയാണ് അമീൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. എ.ആര്‍. റഹ്മാന്‍ തന്നെയായിരുന്നു ഇതിന്റെ സംഗീത സംവിധാനം. നിര്‍മലാ കോണ്‍വെന്റ്, സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്, 2.0, ദില്‍ ബേച്ചാരാ, ഗലാട്ടാ കല്യാണം എന്നീ ചിത്രങ്ങളിലും അമീന്‍ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി-ഷൈൻ കോമ്പോ ? ഡിനോ ഡെന്നിസ് ചിത്രം ഏപ്രിലിൽ
