'അറിയിപ്പി'ന്‍റെ ഹൗസ്‍ഫുള്‍ ഷോ കണ്ടത് 2500 പേര്‍; ലൊക്കാര്‍ണോ അനുഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
ആദ്യമായാണ് ഒരു മലയാള ചിത്രം ലൊക്കാര്‍ണോയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയിലേക്ക് (Locarno Film Festival) താന്‍ നിര്‍മ്മിച്ച്, നായകനായ അറിയിപ്പ് (Ariyippu) എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) കഴിഞ്ഞ മാസം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ചിത്രത്തിന്‍റെ ലൊക്കാര്‍ണോ പ്രീമിയര്‍ ഇന്നായിരുന്നു. മത്സര വിഭാഗത്തിലെ ഓപണിംഗ് ചിത്രമായാണ് പ്രദര്‍ശിപ്പിച്ചത് എന്നതും കൌതുകം. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള 2500 ഓളം സിനിമാപ്രേമികള്‍ തിങ്ങിനിറഞ്ഞിരുന്ന തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതും ചിത്രം അവസാനിച്ചപ്പോള്‍ നിലയ്ക്കാത്ത കരഘോഷമാണ് ഉയര്‍ത്തനെന്നും ചിത്രങ്ങള്‍ക്കൊപ്പം ചാക്കോച്ചന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും മഹേഷ് നാരായണന്‍ ആണ്. ലൊക്കാര്‍ണോ ചലച്ചിത്ര മേളയുടെ 75-ാം എഡിഷന്‍ ആണിത്. ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കി എന്നതും കൌതുകം. ഇത് വ്യക്തിപരമായി ഒരു അംഗീകാരമായി കരുതുന്നുവെന്നും തന്‍റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവാണെന്നും ചാക്കോച്ചന്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം ലൊക്കാര്‍ണോയിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു. ഋതുപര്‍ണ്ണ ഘോഷ് സംവിധാനം ചെയ്‍ത ബംഗാളി ചിത്രം അന്തര്‍മഹല്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം.