ചത്താ പച്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ അദ്വൈത് നായരും താരങ്ങളായ അര്‍ജുന്‍ അശോകനും വിശാഖ് നായരും

മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ പുതിയ അനുഭവം പകരുന്ന ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വൈശാഖ് നായര്‍. ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കാമിയോ റോള്‍ ആണ് ചിത്രത്തിലെ മറ്റൊരു കൗതുകം. ആരോഗ്യപരമായ കാരണങ്ങളാല്‍ മാസങ്ങളോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി തിരിച്ചെത്തിയതിന് ശേഷം അഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയുകയാണ് ചത്താ പച്ച ടീം. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്വൈത് നായര്‍, അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍ എന്നിവര്‍ ഇക്കാര്യം പറയുന്നത്.

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മമ്മൂട്ടിയുടെ ഊര്‍ജ്ജത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു. “അടിപൊളി ആയിരുന്നു. ചില്‍ ആയിരുന്നു. ഫുള്‍ പവര്‍. മുന്‍പത്തേതില്‍ നിന്ന് ഒരു വ്യത്യാസവും ഇല്ല. അതേ എനര്‍ജി”, അര്‍ജുന്‍ പറയുന്നു. അതേസമയം മമ്മൂട്ടിക്കൊപ്പം ഇപ്പോള്‍ അഭിനയിക്കുമ്പോഴും ടെന്‍ഷന്‍ ആണോ എന്ന ചോദ്യത്തിന് അതെ എന്നാണ് അര്‍ജുന്‍റെ മറുപടി. “അതൊരു പേടിയല്ല. ഇഷ്ടമാണ്. ഇഷ്ടത്തോടെയുള്ള ഒരു ബഹുമാനമാണ്”, അര്‍ജുന്‍ അശോകന്‍ പറയുന്നു.

സംവിധായകന്‍ പറയുന്നു

ആദ്യമായി വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്‍റെ ഗെറ്റപ്പില്‍ മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ച് അദ്വൈത് നായര്‍ ഇങ്ങനെ പറയുന്നു- “എനിക്ക് വാക്കുകളില്ല. വാല്‍ട്ടറായി അദ്ദേഹം ആദ്യമായി ഈ സെറ്റിലേക്ക് നടന്നുവന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായിരുന്നു. അതുവരെ പേപ്പറില്‍ മാത്രം ഉണ്ടായിരുന്ന ഒരു കഥാപാത്രമാണല്ലോ മമ്മൂക്കയുടെ രൂപത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഞങ്ങളോട് തമാശയൊക്കെ പറ‍ഞ്ഞാണ് അദ്ദേഹം സെറ്റില്‍ ഉണ്ടായിരുന്നത്”, അദ്വൈത് പറയുന്നു.

എന്നാല്‍ അഭിനയിക്കുന്ന സമയത്ത് മുന്നിലുള്ള താരത്തിന്‍റെ പ്രഭാവം തന്നെ സ്വാധീനിക്കാറില്ലെന്ന് വിശാഖ് പറയുന്നു. “പുത്തന്‍ പണത്തില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന താരത്തെ കാണരുത്. എന്നലേ നമുക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റൂ. ഒരുപാട് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. 9 വര്‍ഷത്തിന് ശേഷം കാണുമ്പോഴും അദ്ദേഹത്തിന് എന്‍റെ പേരറിയാം”, വിശാഖ് നായര്‍ പറയുന്നു. മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തിയിരിക്കുന്ന ചിത്രമാണിത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming