"ലാല്‍ എന്നത് വെറുമൊരു പേരല്ല. ഒരു ദിശയാണ്"
യുവനിര സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യണമെന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആവശ്യവും ആഗ്രഹവുമൊക്കെയാണ്. ലിജോ ജോസ് പെല്ലിശ്ശേരി, തരുണ്‍ മൂര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള സിനിമ മോഹന്‍ലാല്‍ ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഇനിയും യുവനിര സംവിധായകര്‍ കടന്നുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതില്‍ കൃഷാന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ആദ്യ വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ മറ്റൊരു യുവസംവിധായകനും ശ്രമത്തിലാണ്. എആര്‍എം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ വലിയ വിജയം നേടിയ ജിതിന്‍ ലാല്‍ ആണ് ആ വഴിക്കുള്ള തന്‍റെ ശ്രമങ്ങളുടെ അപ്ഡേറ്റ് അറിയിച്ചിരിക്കുന്നത്.
"ചില പേരുകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവയാണ്. എന്‍റേത് ഞാന്‍ പിന്തുടരുന്ന ഒരു താരത്തിനുള്ള നിശബ്ദമായ ഒരു വാഗ്‍ദാനമാണ്. ലാല്‍ എന്നത് വെറുമൊരു പേരല്ല. ഒരു ദിശയാണ്. ആശിര്‍വാദിലേക്ക് ഒരു ചുവട്. സ്വപ്നം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. പക്ഷേ അതിലേക്കുള്ള ഒരു കവാടം ആയിരിക്കാം ഇത്. നന്ദി ആന്‍റണി ചേട്ടാ. ഒരു തെളിഞ്ഞ ആകാശമാണ് പ്രതീക്ഷിച്ചത്. പക്ഷേ ഞാന്‍ തിരിച്ചറിഞ്ഞത് കാറ്റിന്‍റെ ദിശമാറ്റമാണ്", ആന്‍റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്ന് എആര്‍എം പ്രൊമോഷണല്‍ വേളയില്‍ത്തന്നെ ജിതിന്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു. സ്വന്തം പേരിലെ ലാല്‍ മോഹന്‍ലാല്‍ ആരാധനയിലൂടെ ചേര്‍ത്തതാണ്. സംവിധായകനായി അരങ്ങേറിയ ചിത്രം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിക്കാന്‍ സാധിച്ച അപൂര്‍വ്വ നേട്ടത്തിന് ഉടമയാണ് ജിതിന്‍ ലാല്‍. ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രമായിരുന്നു അജയന്‍റെ രണ്ടാം മോഷണം അഥവാ എആര്‍എം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.


