കൽക്കി 2898 എഡി എന്ന ചിത്രത്തിലെ പ്രഭാസിന്റെ അഭിനയത്തെ വിമർശിച്ചതിൽ ഉറച്ചുനിൽക്കുന്നതായി നടൻ അർഷാദ് വാർസി.

അബുദാബി: കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിനെ 'ജോക്കർ' എന്ന് വിളിച്ച നടൻ അർഷാദ് വാർസിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. കല്‍ക്കി സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ നേരിട്ട് അര്‍ഷാദിനെതിരെ രംഗത്ത് വന്നു. അതേ സമയം തന്‍റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നാണ് അര്‍ഷാദ് പറയുന്നത്. അബുദാബിയില്‍ ഐഫാ അവാര്‍ഡ് നൈറ്റില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അര്‍ഷാദ്. 

കഴിഞ്ഞമാസം "അൺഫിൽട്ടേർഡ്" എന്ന ഷോയിൽ സമീഷ് ഭാട്ടിയയുമായി സംസാരിക്കവെയാണ് അര്‍ഷാദിന്‍റെ വിവാദ പരാമര്‍ശം "ഞാൻ കൽക്കി കണ്ടു, അത് ഇഷ്ടപ്പെട്ടില്ല. അത് എന്നെ വേദനിപ്പിക്കുന്നു. അമിത് ജി അവിശ്വസനീയമായിരുന്നു. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിനുള്ള കഴിവിന്‍റെ ഒരു ചെറിയ ഭാഗം കിട്ടിയാല്‍ നമ്മുടെ ജീവിതം തന്നെ മാറും. അദ്ദേഹം ഒരു ഇതിഹാസമാണ്” എന്നാല്‍ പ്രഭാസിൻ്റെ ഭൈരവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് അർഷാദ് വാർസി ചെയ്തത്. 

“പ്രഭാസിന്‍റെ കാര്യത്തില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്, എന്തിനായിരുന്നു അയാള്‍ ഇങ്ങനെ. അദ്ദേഹം ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. എനിക്ക് ഒരു മാഡ് മാക്സ് കാണണം. എനിക്ക് മെൽ ഗിബ്‌സണെ അവിടെ കാണണം.നിങ്ങൾ എന്താണ് ഉണ്ടാക്കിയത്? എന്തിനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? എനിക്ക് ഒരിക്കലും മനസ്സിലാകുന്നില്ല ” അര്‍ഷാദ് പറഞ്ഞു.

 ഐഫാ അവാര്‍ഡ് നൈറ്റില്‍ ഈ പ്രസ്താവനയെക്കുറിച്ച് വീണ്ടും ചോദ്യം ഉയര്‍ന്നപ്പോള്‍ അര്‍ഷാദ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. “എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്, ആളുകൾ ഒരാളുടെ അഭിപ്രായത്തെ അവര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്നു. വ്യക്തിയെക്കുറിച്ചല്ല, കഥാപാത്രത്തെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. പ്രഭാസ് ഒരു മികച്ച നടനാണ്, അദ്ദേഹം അത് വീണ്ടും വീണ്ടും സ്വയം തെളിയിച്ചു, എന്നാല്‍ നല്ല നടന് നമ്മൾ ഒരു മോശം കഥാപാത്രം നൽകുമ്പോൾ, അത് പ്രേക്ഷകർക്ക് ഹൃദയഭേദകമാണ്. ആ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്" അർഷാദ് വാർസി പറഞ്ഞു. 

ഈ പ്രസ്മീറ്റില്‍ തന്നെ ഇന്ത്യൻ സിനിമയെ മൊത്തത്തിൽ ഒരുമിച്ച് നിൽക്കുന്നതിനെക്കുറിച്ചും അർഷാദ് വാർസി സംസാരിച്ചു, കൂടാതെ ഭാഷാപരമായ തടസ്സങ്ങളാൽ സിനിമകൾ വിഭജിക്കപ്പെടുന്ന കാലം അവസാനിച്ചുവെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 

താൻ ഒരു സംവിധായകനാകുമ്പോൾ, രാജ്യത്തുടനീളമുള്ള കഴിവുള്ള അഭിനേതാക്കളെ അവർ പ്രവർത്തിക്കുന്ന ഭാഷ പരിഗണിക്കാതെ തന്നെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത മുന്നഭായി ചിത്രത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അർഷാദ് വാർസി കൂട്ടിച്ചേര്‍ത്തു.