മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടനാണ് അശോകൻ. ഇപ്പോഴിതാ ഗള്‍ഫ് പൊലീസ് അറസ്റ്റ് ചെയ്‍ത് ജയിലില്‍ അടച്ച സംഭവം തുറന്നുപറയുകയാണ് അശോകൻ. മയക്ക് മരുന്ന് ബന്ധമുള്ളയാളാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.  സിനിമ കാരണമാണ് താൻ കസ്റ്റഡിയിലായത് എന്ന് അശോകൻ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വല്ലാത്ത അവസ്ഥയായിരുന്നു അതെന്നും അശോകൻ പറയുന്നു. ഡിറ്റക്ടീവുകള്‍ തന്റെ ബാഗും അലമാരയുമൊക്കെ തിരഞ്ഞ കാര്യം അശോകൻ പറയുന്നു.

അശോകന്റെ വാക്കുകള്‍

ഒരു സുഹൃത്തിനെ കാണാനാണ് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്‍തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നെന്ന്.

അവര്‍ എന്നെ നേരേ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി, അവര്‍ പരസ്‍പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി.

അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടുപോയി ഞങ്ങളെ വെവ്വേറെ സെല്ലിന്‍ പൂട്ടി. എനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ മുമ്പ് മലയാളികള്‍ മുമ്പ് കിടന്നിരുന്ന സെല്ലിലാണ് താന്‍ കിടന്നത് എന്ന് മനസിലായി.

അമ്മയെ കുറിച്ച് ഓര്‍ക്കുകുകയും ഇനിയൊരിക്കലും പുറത്ത് ഇറങ്ങാന്‍ സാധിക്കില്ലെന്നും വിചാരിച്ചു. പിറ്റേന്ന് രാവിലെ സ്പോണ്‍സര്‍ എത്തി. അപ്പോഴാണ് സിനിമ നടനാണെന്ന കാര്യം പൊലീസുകാര്‍ക്ക് മനസിലാകുന്നത്. അവര്‍ക്ക് അറിയുന്ന ഇന്ത്യന്‍ സിനിമാതാരങ്ങള്‍ അമിതാഭ് ബച്ചനും കമല്‍ഹാസനുമായിരുന്നു. അവരെ അറിയുമോ എന്നു ചോദിച്ചപ്പോള്‍ അറിയാമെന്ന് താന്‍ പറഞ്ഞുവെന്നും അശോകന്‍ ഓര്‍ക്കുന്നു.

പിന്നീടാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. ഡ്രഗ് അഡിക്ട് ആയി അഭിനയിച്ച സിനിമയിലെ സ്റ്റില്‍സ് കട്ട് ചെയ്‍ത് ആരോ അയച്ച് പാര വച്ചതായിരുന്നു. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ സീസണ്‍ ആയിരുന്നു അത്. ചിത്രത്തില്‍ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പറയുന്നത്. മോഹന്‍ലാലായിരുന്നു സിനിമയിലെ പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ താന്‍ പുറത്ത് ഇറങ്ങാന്‍ കാരണമായതും ഒരു സിനിമയാണ്.

ജയിലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്‍ണന്‍ ഒരുക്കിയ അനന്തരം. സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. അതില്‍ സിനിമയെ കുറിച്ചും എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.