Asianet News MalayalamAsianet News Malayalam

'എന്റെ എല്ലാമെല്ലാം, നീയില്ലെങ്കില്‍ ജീവിതം അര്‍ത്ഥരഹിതമായിരുന്നേനെ', സുന്ദര്‍ സിയോട് ഖുശ്‍ബു

ഖുശ്‍ബുവിന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

Artist Khushbu share her photo
Author
Chennai, First Published Oct 20, 2020, 5:53 PM IST

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഖുശ്‍ബു. കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്‍ബു അടുത്തിടെ ബിജെപിയിലേക്ക് എത്തിയിരുന്നു. ഖുശ്‍ബുവിന് എതിരെ വിമര്‍ശനങ്ങളുമായും ചിലര്‍ രംഗത്ത് എത്തി. ഇപ്പോഴിതാ ഖുശ്‍ബുവിന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഖുശ്‍ബു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവ് സുന്ദര്‍ സിക്ക് ഒപ്പമുള്ളതാണ് ഖുശ്‍ബുവിന്റെ ഫോട്ടോ.

ഖുശ്‍ബു സുന്ദര്‍ സിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഫോട്ടോ. എന്റെ എല്ലാമെല്ലാം, നീയില്ലെങ്കില്‍ അര്‍ത്ഥരഹിതമായിരുന്നേനെ ജീവിതം എന്നാണ് ഖുശ്‍ബു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.   ഭര്‍ത്താവ് സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോകള്‍ കൗതുകപരമായ ക്യാപ്ഷനോടെ മുമ്പും ഖുശ്‍ബു ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍ ഖുശ്‍ബു നേര്‍ന്നതും വേറിട്ട രീതിയിലായിരുന്നു. ഇരുപത് വര്‍ഷങ്ങളായി ഒന്നും മാറിയിട്ടില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ കരുത്തിന് വിവാഹ വാര്‍ഷികാശംസകള്‍ എന്ന് ആയിരുന്നു ഖുശ്‍ബു എഴുതിയത്. അവന്തികയും അനന്തിതയും എന്ന രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സി ഖുശ്‍ബുവിനോടുള്ള പ്രണയം തുറന്നുപറഞ്ഞത്. 2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.

കോണ്‍ഗ്രസിനെതിരെ ഖുശ്‍ബു പറഞ്ഞ ഒരു പ്രസ്‍താവന അടുത്തിടെ വിവാദവുമായിരുന്നു. തനിക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചതിന് മറുപടിയായിരുന്നു ഖുശ്‍ബുവിന്റെ പ്രസ്‍താവന.  കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയെത്താത്ത പാര്‍ട്ടിയാണെന്ന് പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത്  ഖുശ്‍ബു രംഗത്ത് എത്തിയതായി ഇന്ത്യാ ടുഡെയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ മാനസിക വളര്‍ച്ചയെത്താത്തവര്‍ എന്നായിരുന്നു ഖുശ്‍ബു പരാമര്‍ശിച്ചത്. ബുദ്ധിയുള്ള സ്ത്രീകളെ പാര്‍ട്ടിക്ക് ആവശ്യമില്ല. പാര്‍ട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. ഖുശ്‍ബുവിന്റെ പ്രസ്‍താവന വിവാദമായി മാറി. തമിഴ്‍നാട്ടില്‍ മുപ്പതോളം പൊലീസ് സ്റ്റേഷനില്‍ ഖുശ്‍ബുവിനെതിരെ പരാതിയും നല്‍കി. കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ഖുശ്‍ബുവിന്റെ പ്രസ്‍താവന. താൻ അങ്ങനെ പറയാൻ പാടില്ലെന്നായിരുന്നുവെന്ന് ഖുശ്‍ബു പിന്നീട് പറയുന്നത്. എന്റെ നിരാശയില്‍ നിന്നും വന്ന, വളരെ തിടുക്കപ്പെട്ടു നടത്തിയ ഒരു പ്രസ്‍താവന ആയിരുന്നു അത്. ഖേദം പ്രകടിപ്പിക്കുന്നു. അങ്ങനെയുള്ള പ്രസ്‍താവന താൻ ഇനി നടത്തില്ലെന്നും ഖുശ്‍ബു പറഞ്ഞു. മാനസിക ആരോഗ്യപ്രശ്‍നങ്ങളോട് പോരാടുന്നവര്‍ എന്റെ കുടുംബത്തിലും സുഹൃത്തുക്കളുമായുണ്ട്.  മികച്ച നേതാക്കൻമാരായവര്‍. അവരുടെ സൗഹൃദവും അറിവും എന്നെയും മെച്ചപ്പെട്ടതാക്കുന്നു.  അതുകൊണ്ടുതന്നെ വിവാദ പ്രസ്‍താവന പോലുള്ള കാര്യങ്ങള്‍ താൻ ആവര്‍ത്തിക്കില്ലെന്നും ഖുശ്‍ബു പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios