മലയാളത്തില്‍ ഒട്ടേറെ വിജയചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ചലച്ചിത്രകാരനാണ് സച്ചി. സംവിധായകനായും സച്ചി വിജയകിരീടം അണിഞ്ഞു. സച്ചിയുടെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെയായിരിക്കും കേട്ടത്. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് വിടവാങ്ങിയിരിക്കുന്നത്. മലയാളത്തിന് ഇത് വലിയൊരു നഷ്‍ടമാണ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നു.  ചിലര്‍ ഇങ്ങനെയാണ്, വന്ന് തകര്‍ത്താടി  കടന്നുപോകും എന്നാണ് സച്ചിയെ അനുസ്‍മരിച്ച് നടൻ കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്.

മേക്കപ്പ് മാൻ എന്ന സിനിമയില്‍ തുടങ്ങിയ ബന്ധം. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ വീണ്ടും സഹകരിക്കാൻ കഴിഞ്ഞു. അന്ന് ലൊക്കേഷനില്‍ വെച്ചെടുത്തത് ആണ് ചിത്രം.  ചിലര്‍ ഇങ്ങനെ ആണ്. വരും, വന്ന് തകര്‍ത്താടി കടന്നുപോകും. നല്ല ഓര്‍മ്മകളുമായി സച്ചി മനസ്സില്‍ ഉണ്ടാകുമെന്നുമാണ് ഫോട്ടോ ഷെയര്‍ ചെയ്‍ത് കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്. സേതുവുമായി ചേര്‍ന്ന് ചോക്ലേറ്റ് എന്ന സിനിമയ്‍ക്ക് തിരക്കഥയെഴുതിയാണ് സച്ചിയുടെ പേര് ആദ്യമായി വെള്ളിത്തിരയില്‍ തെളിഞ്ഞത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ഇവര്‍ ഡബിള്‍സ് കഴിഞ്ഞ് പിരിഞ്ഞു. സച്ചി അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുമുണ്ട്.