പൃഥ്വിരാജിനെ മാത്രമല്ല മകള്‍ അലംകൃതയെയും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത മകളുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടുള്ള ഫോട്ടോയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്റെ എന്ന് ക്യാപ്ഷനായി എഴുതിയിരിക്കുന്നു. തൊട്ടു താഴെ എന്റേതും എന്ന് കമന്റുമായി സുപ്രിയ മേനോനും രംഗത്ത് എത്തിയിട്ടുണ്ട്.  ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ് എന്നായിരുന്നു മകളുടെ ജന്മദിനത്തില്‍ പൃഥ്വിരാജ് എഴുതിയത്.

 നേരത്തെ അലംകൃത വരച്ച കുടുംബത്തിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നില്‍ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരുന്നത്.  അലംകൃത വരച്ച  ഫോട്ടോയും കുറിപ്പും സുപ്രിയ ആയിരുന്നു ഷെയര്‍ ചെയ്‍തിരുന്നത്.

കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. നമ്മള്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ ഓടിക്കയറുന്നു. കൊവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. എത്ര ഓര്‍മകള്‍, സ്വപ്‍നകള്‍, പ്രതീക്ഷകള്‍, വാഗ്‍ദാനങ്ങള്‍ എല്ലാം വിധിയുടെ ക്രൂരമായ കൈകളാല്‍ ഇല്ലാതായി.  രൂക്ഷമായി മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍‌മളതയില്‍ സുരക്ഷിതരായി നില്‍ക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാൻ തിരിച്ചറിയുന്നത് എന്നുമാണ് കുറിപ്പ്.

കൊവിഡ് കാലത്തെ കുറിച്ച് മകള്‍ അലംകൃത എഴുതിയ ഒരു കുറിപ്പ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തും അടുത്തിടെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. 'പ്രിയപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും' എന്ന സംബോധനയോടെ അല്ലി ആരംഭിക്കുന്ന കത്ത് ഇംഗ്ലീഷിലാണ്. കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതിന്‍റെ ആശങ്കയും വാക്‍സിന്‍ കണ്ടുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അല്ലി സ്വന്തം ഭാഷയില്‍ കുറിച്ചിട്ടിട്ടുണ്ട്. "ഒരു സയന്‍റിസ്റ്റിനെ കണ്ടുപിടിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം. കൊവിഡ് വര്‍ധിക്കുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ധൈര്യമായി ഇരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക", എന്നൊക്കെയാണ് അലംകൃതയുടെ വാക്കുകള്‍.

കുട്ടികളുടെ മനസില്‍ കൊവിഡ് സൃഷ്‍ടിച്ചിരിക്കുന്ന സ്വാധീനത്തെക്കുറിച്ച് മകളുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് പൃഥ്വിയും അക്കാര്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരുന്നു. 'സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മളില്‍ മിക്കവരും എന്നിരിക്കെ സാഹചര്യം കുട്ടികളില്‍ സൃഷ്‍ടിച്ചിരിക്കുന്ന സ്വാധീനം ഞാന്‍ മനസിലാക്കുന്നു. അല്ലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം അല്ലാത്തപ്പോള്‍ അവള്‍ സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. എത്രയും വേഗം വാക്സിന്‍ കണ്ടുപിടിക്കാന്‍ ആവട്ടെയെന്നും കുട്ടികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവട്ടെയെന്നും ഞാന്‍ പ്രത്യാശിക്കുന്നുവെന്ന് പൃഥ്വിരാജ് എഴുതിയിരുന്നു.