Asianet News MalayalamAsianet News Malayalam

Marakkar : 'മരക്കാര്‍' വിസ്‍മയം, ചിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് വിനീത്

മാസ്റ്റർ ക്രാഫ്റ്റ്‌സ്‍മാൻ പ്രിയേട്ടനും പ്രിയപ്പെട്ട ലാലേട്ടനും സല്യൂട്ടെന്ന് നടൻ വിനീത്.

Artist Vineeth about Marakkar: Arabikadalinte Simham
Author
Kochi, First Published Dec 7, 2021, 8:55 AM IST

മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച ഒരു സിനിമയാണ് 'മരക്കാര്‍' എന്ന് നടൻ വിനീത് (    Vineeth) പറയുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുകയാണ് വിനീത്. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അര്‍ജുന്റെ (Arjun) കഥാപാത്രത്തിന് ഡബ്ബ് ചെയ്‍ത വിനീത് പറയുന്നു.

'മരക്കാറി'ന്റെ വിസ്‍മയകരമായ ചലച്ചിത്രാനുഭവം കണ്ട് അത്ഭുതപ്പെട്ടു. മാസ്റ്റർ ക്രാഫ്റ്റ്‌സ്‍മാൻ പ്രിയേട്ടനും ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും മിടുക്കരായ അഭിനേതാക്കൾക്കും അവരുടെ അവിശ്വസനീയമായ ടീം വർക്കിനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എന്റെ സല്യൂട്ട്. ആദ്യ ഫ്രെയിമിൽ തന്നെ സംവിധായകൻ നിങ്ങളെ 'കുഞ്ഞാലി'യുടെ മാന്ത്രിക കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. പ്രണവിനെ തന്റെ ഇതിഹാസമായ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച നിഷ്‍കളങ്കതയോടെ കാണുന്നത് വളരെ സന്തോഷകരമാണ്. പാരമ്പര്യം തുടരുകയാണ്. പകരം വയ്ക്കാനില്ലാത്ത നെടുമുടി വേണുച്ചേട്ടൻ സാമൂതിരി രാജാവായി കാണുന്ന കാഴ്‍ചയാണ് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു വൈകാരിക നിമിഷം. ഗാനചിത്രീകരണത്തിൽ പ്രിയേട്ടൻ എന്നും ഒരു മാസ്റ്ററായതിനാല്‍ ഗംഭീരമായ വിഷ്വലുകളോടുകൂടിയ ഹൃദയസ്‍പർശിയായ സംഗീതം കേൾക്കുന്നതും  കാണുന്നതും സന്തോഷമുള്ളതാണ്. നടൻ അർജുന്റെ അനന്തൻ  കഥാപാത്രത്തിന് എളിയ രീതിയിൽ ശബ്‍ദം നൽകി അഭിമാനകരമായ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മുഴുവൻ 'മരക്കാർ' ടീമിനും നന്ദിയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. സെല്ലുലോയ്ഡ് മാജിക് ചിത്രം വെള്ളിത്തിരയിൽ അനുഭവിച്ചറിയൂവെന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. യുഎഇയിലടക്കമുള്ള രാജ്യങ്ങളില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആദ്യ ദിനം സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios