ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. 

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ഹൃദയം‘. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് പ്രണവ് മോഹന്‍ലാൽ ആണ്. ഇപ്പോഴിതാ ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അറിയിക്കുകയാണ് വിനീത്. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.

‘എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’, എന്നാണ് വിനീത് കുറിച്ചത്. പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു വിനീതിന്റെ പോസ്റ്റ്. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. 

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona