ശങ്കർ-എഹ്സാൻ-ലോയ് ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർക്കൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു.

കൊച്ചി: മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടൈനർ ‘ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസി’ന്റെ ട്രെയിലറും ഓഡിയോയും പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചടങ്ങിനായി ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംഗീതത്രയമായ ശങ്കർ– എഹ്സാൻ– ലോയ് കൊച്ചിയിലെത്തുന്നു. ജനുവരി 15-ന് കൊച്ചി ലുലു മാളിൽ വെച്ച് നടക്കുന്ന ചടങ്ങിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഔദ്യോഗികമായി പുറത്തിറക്കുന്നത്.

സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ നിരവധി ഗാനങ്ങൾ സമ്മാനിച്ച ശങ്കർ–എഹ്സാൻ–ലോയ് സഖ്യം ആദ്യമായി മലയാള സിനിമയിൽ സംഗീതമൊരുക്കുന്നു എന്നതാണ് ‘ചത്താ പച്ച’യുടെ പ്രത്യേകതകളിൽ ഒന്ന്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ടൈറ്റിൽ ട്രാക്കും, അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും ചിത്രത്തിൻ്റെ ടീസറും അങ്ങനെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാവുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനൊപ്പം റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം റെസ്ലിംഗ് പശ്ചത്താലത്തിലുള്ള വേറിട്ടൊരു ആക്ഷൻ അനുഭവമായിരിക്കും സമ്മാനിക്കുക. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖ താര നിരയാണ് ചത്ത പച്ചയിൽ എത്തുന്നത്.

കൂടാതെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ കൂടി പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. ചിത്രത്തിൽ ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മുജീബ് മജീദ് പശ്ചത്താല സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനൂപ് തൈക്കൂടത്തിന്റേതാണ്. വിനായക് ശശികുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.

ജനുവരി 15-ന് ലുലു മാളിൽ നടക്കുന്ന ഗംഭീര ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖർ അണിനിരക്കും. ഇതിനോടകം ചത്ത പച്ച ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്. വലിയൊരു ആക്ഷൻ വിരുന്നായ ‘ചത്താ പച്ച’ ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

YouTube video player