രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടെലിവിഷൻ പരമ്പരയിലൂടെ ഇന്ത്യയിലൊട്ടാകെയുള്ള പ്രേക്ഷകരുടെ മനസ്സിൽ ശ്രീരാമനായി ജീവിച്ച മുതിർന്ന നടൻ അരുൺ ഗോവിൽ, ദശരഥ മഹാരാജാവായി എത്തുന്ന ചിത്രത്തിന്‍റെ പ്രത്യേക പോസ്റ്ററാണ് നിർമ്മാതാക്കൾ പങ്കുവെച്ചത്. മിനി സ്ക്രീനിലൂടെ ഒരു തലമുറയെ മുഴുവൻ ശ്രീരാമൻ എന്ന സങ്കൽപ്പത്തിലൂടെ സ്വാധീനിച്ച അരുൺ ഗോവിൽ, വർഷങ്ങൾക്ക് ശേഷം അതേ ഇതിഹാസ കാവ്യത്തിൽ അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാജകീയ പ്രൗഢിയോടെ നിൽക്കുന്ന അരുൺ ഗോവിലിന്‍റെ ദശരഥ രൂപമാണ് പോസ്റ്ററിലുള്ളത്.

"ഒരിക്കൽ ഒരു തലമുറയ്ക്ക് ശ്രീരാമനെ സമ്മാനിച്ചയാൾ, ഇപ്പോൾ അയോധ്യയുടെ രാജാവായി രാമായണത്തിലേക്ക് വീണ്ടും എത്തുന്നു" എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും റോക്കിംഗ് സ്റ്റാർ യഷ് രാവണനായും വേഷമിടുന്നു. കൂടാതെ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നുണ്ട്.

View post on Instagram
 

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന 'രാമായണം പാർട്ട് 1' ഈ വർഷം നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന് രണ്ടാം ഭാഗം 2027 ദീപാവലി റിലീസായും എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പി ആർ ഒ ആതിര ദിൽജിത്ത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming