മണിരത്നത്തിന്റെ ഹിറ്റ് ചിത്രം 'ദളപതി'യില്‍ രജനികാന്തിനൊപ്പം അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു.

'ഡോണ്‍' സംവിധായകൻ സിബി ചക്രവര്‍ത്തി രജനികാന്ത് ചിത്രം ചെയ്യുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'തലൈവര്‍ 170' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ് സിബി ചക്രവര്‍ത്തി. 'തലൈവര്‍ 170'നെ കുറിച്ച് വമ്പൻ ഒരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍. അരവിന്ദ് സ്വാമി ചിത്രത്തില്‍ പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

മണിരത്നം സംവിധാനം ചെയ്‍ത 'ദളപതി'യെന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അരവിന്ദ് സ്വാമിയും അഭിനയിച്ചിരുന്നു. 1991ല്‍ ആണ് ചിത്രം റിലീസ് ചെയ്‍തത്. ചിത്രം വൻ ഹിറ്റുമായിരുന്നു. അതിനാല്‍ തന്നെ രജനികാന്തും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിച്ചേക്കുമെന്ന വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ശിവകാര്‍ത്തികേയൻ നായകനായ 'ഡോണ്‍' എന്ന ചിത്രമാണ് സിബി ചക്രവര്‍ത്തി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍തത്. 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധാണ്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചു. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി.

രജനികാന്ത് നായകനായി 'ജയിലര്‍' എന്ന സിനിമയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്.

Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍