'സര്‍പട്ട പരമ്പരൈ'യുടെ വിജയത്തിനിടെ ആര്യയ്ക്ക് മറ്റൊരു സന്തോഷവും

നടന്‍ ആര്യയ്ക്കും നടി സയേഷയ്ക്കും പെണ്‍കുഞ്ഞ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് അടുത്ത സുഹൃത്ത് കൂടിയായ നടന്‍ വിശാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ഒരു അമ്മാവന്‍ ആവുന്നതില്‍ ഏറെ സന്തോഷവാനാണെന്നും സിനിമാ ചിത്രീകരണത്തിനിടെ തേടിയെത്തിയ സന്തോഷവാര്‍ത്ത വൈകാരികത സൃഷ്ടിച്ചെന്നും വിശാല്‍ ട്വീറ്റ് ചെയ്‍തു.

2019 മാര്‍ച്ചിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. 2015ല്‍ പുറത്തെത്തിയ 'അഖില്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ ആളാണ് സയേഷ. സന്തോഷ് പി ജയകുമാറിന്‍റെ സംവിധാനത്തില്‍ 2018ല്‍ റിലീസ് ചെയ്യപ്പെട്ട 'ഗജിനീകാന്തി'ലാണ് ആദ്യമായി ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചത്. ആ സെറ്റില്‍ വച്ച് അടുപ്പത്തിലായ ഇരുവരും 2019ലെ വാലന്‍റൈന്‍ ദിനത്തില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. വിവാഹിതരാവാനുള്ള തീരുമാനത്തെക്കുറിച്ചും പറഞ്ഞു.

Scroll to load tweet…

അതേസമയം നായകനായെത്തിയ പുതിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുന്നതിന്‍റെ സന്തോഷത്തിലുമാണ് ആര്യ. പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയെത്തിയ 'സര്‍പട്ട പരമ്പരൈ'യില്‍ കബിലന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ആര്യയാണ്. അതേസമയം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്‍ത 'ടെഡ്ഡി'യാണ് സയേഷയുടേതായി അവസാനമെത്തിയ ചിത്രം.