''വീഡിയോയുടെ തുടക്കത്തിൽ 'എവിടെ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ട്. ചിലർ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ്''

തിരുവനന്തപുരം: പുതിയ ചിത്രത്തിന്‍റെ പ്രൊമോഷൻ വീഡിയോയുടെ പേരിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിവില്ലെന്ന് നടി ആശാ ശരത്. 'എവിടെ' എന്ന ചിത്രത്തിന് വേണ്ടി താൻ പുറത്തിറക്കിയ ഫേസ്‍ബുക്ക് വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ വ്യാപകമായ സൈബർ ആക്രമണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശാ ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'വീഡിയോയുടെ തുടക്കത്തിൽ 'എവിടെ' എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ട്. വീഡിയോ അവസാനിക്കുന്നതും, ചിത്രത്തിന്‍റെയും സംവിധായകന്‍റെയും പേര് വച്ചാണ്. ചിലർ ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ്. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്', ആശാ ശരത് പറയുന്നു. 

''കട്ടപ്പന പൊലീസ് സ്റ്റേഷൻ എന്ന് ആ വീഡിയോയിൽ പരാമർശിക്കാൻ കാരണമുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ടതാണ് പൊലീസ് സ്റ്റേഷൻ എന്നതിനാലാണ് പൊലീസ് സ്റ്റേഷന്‍റെ പേര് പരാമർശിച്ചത്. ഇതിന്‍റെ പേരിൽ എനിക്കെതിരെ കേസെടുത്തതായി അറിവില്ല. ആരെങ്കിലും കേസ് നൽകിയതായും അറിയില്ല,'' ആശാ ശരത് വ്യക്തമാക്കി.

ആശാ ശരത്തിന്‍റെ വീഡിയോ: