കുടുംബത്തോടൊപ്പം മോഹന്‍ലാലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്‍റെ അനുഭവം പങ്കുവച്ച് സുഹൃത്തും സംവിധായകനുമായ അശോക് കുമാര്‍. ഈ മാസം 28നാണ് മോഹന്‍ലാലിന്‍റെ വീട്ടിലെത്തിയതെന്നും ഈ വര്‍ഷത്തിലെ ഏറ്റവും മറക്കാനാവാത്ത ദിവസമായിരുന്നു അതെന്നും അശോക് കുമാര്‍ പറയുന്നു. മോഹന്‍ലാലിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളടക്കമാണ് അശോക് കുമാറിന്‍റെ കുറിപ്പ്.

"തിരനോട്ടം ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ലാലിന്‍റെ അമ്മയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് (പ്രധാനമായും കള്ളങ്ങള്‍) ഞങ്ങള്‍ ഓര്‍മ്മ പങ്കുവച്ചു. ആ കാലത്ത് ഞങ്ങള്‍ ചെയ്തിരുന്ന രസകരമായ മറ്റുചില കാര്യങ്ങളെക്കുറിച്ചും ഓര്‍ത്തു. ഞങ്ങളുടെ കോളെജ് കാലത്ത് ഭക്ഷണം വിളമ്പിത്തരുമ്പോള്‍ ലാലിന്‍റെ അമ്മയുടെ മുഖത്തുകണ്ട ചിരി വീണ്ടും കണ്ടതില്‍ വലിയ സന്തോഷം തോന്നി", മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്‍മയയും അവിടെ ഉണ്ടായിരുന്നുവെന്നും അശോക് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

സിനിമയിലെത്തുന്നതിനു മുന്‍പ് കോളെജ് കാലത്തേ മോഹന്‍ലാലുമായി അടുത്ത സൗഹൃദം ഉള്ളയാളാണ് അശോക് കുമാര്‍. മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാതിരുന്ന ആദ്യചിത്രം 'തിരനോട്ട'ത്തിന്‍റെ സംവിധാനവും അദ്ദേഹമായിരുന്നു. ദുബൈ ആര്‍പി ഹൈറ്റ്സില്‍ മോഹന്‍ലാല്‍ പുതുതായി വാങ്ങിയ വീട്ടിലും അശോക് കുമാര്‍ എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു.