'അങ്കം അട്ടഹാസം' സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന നിർമ്മാതാവിൻ്റെ ആരോപണം യൂട്യൂബർ അശ്വന്ത് കോക്ക് നിഷേധിച്ചു. താൻ പണം ആവശ്യപ്പെട്ടതിന് തെളിവ് ഹാജരാക്കിയാൽ റിവ്യൂ ചെയ്യുന്നത് നിർത്തുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. Aswanth Kok, Madhav Suresh, Ankam Attahasam movie
അങ്കം അട്ടഹാസം സിനിമയ്ക്ക് നെഗറ്റിവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അങ്കം അട്ടഹാസം നിർമ്മാതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി അശ്വന്ത് കോക്ക് രംഗത്ത്. മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ അങ്കം അട്ടഹാസം സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസമാണ് യൂട്യൂബർമാർക്കെതിരെ രംഗത്തുവന്നത്.

ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയുടെ കഥ വെളിപ്പെടുത്തിയെന്നും, അതിലൊരാൾ ഒരു ലക്ഷം രൂപ ചോദിച്ചെന്നുമായിരുന്നു നിർമ്മാതാവ് അനിൽ കുമാറിന്റെ വെളിപ്പെടുത്തൽ. താൻ പണം ആവശ്യപ്പെടുന്നതിന് തെളിവ് ഹാജരാക്കിയാൽ താൻ ഈ പണി നിർത്തുമെന്നാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്. മാധവ് സുരേഷിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ ഫാനാണ് താനെന്നും ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റിവ് റിവ്യൂ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ അശ്വന്ത് കോക്ക് ധ്യാനിനെ കണ്ട് പഠിക്കാനാണ് മാധവ് സുരേഷിനോദ് ആവശ്യപ്പെടുന്നത്.
അശ്വന്ത് കോക്കിന്റെ വാക്കുകൾ:
"ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ വാർത്താ സമ്മേളനം വിളിച്ചിട്ട് പറയുകയാണ് ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന്. ഞാൻ ഓൺ റെക്കോർഡ് പറയുന്നു. ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിന് തെളിവ് നിങ്ങളുടെ അടുത്തുണ്ടോ ?. ഞാൻ ആവശ്യപ്പെട്ടു എന്ന് നീ പറയുന്നല്ലോ. എടാ പറയുന്നതിന് ഒരു മിനിമം മര്യാദ വേണം. എന്നെ നാണം കെടുത്താൻ ഒരു ലക്ഷം ഉലുവയോ. ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാ ജനങ്ങൾക്കും കൊടുത്താൽ പോലും അവർ ഈ പടം കാണൂല്ലാ.
അത്രയും മോശം പടമാണത്. ഇതെല്ലാം കണ്ട് തീർത്ത അവസ്ഥ എനിക്കറിയാം. എന്നിട്ട് ഈ മാന്യൻ ഇരുന്ന് പറയുവാണേ, ഒരു ലക്ഷം രൂപ ഞാൻ ആവശ്യപ്പെട്ടെന്ന്. ഞാൻ ഇതിൽ കേസ് ഫയൽ ചെയ്യുകയാണ്. ഞാൻ പൈസ ആവശ്യപ്പെട്ടതിന് തെളിവ് കാണിക്ക്. തെളിവ് കാണിക്ക്. ഇയാൾ പറയുന്നു ഓൺലൈൻ ട്രാൻസാക്ഷൻ അല്ല, എന്റെ ആൾക്കാരാണ് ഇവനെ ബന്ധപ്പെടുന്നതെന്ന്. ഞാൻ ബ്രോമൻസിന് പൈസ വാങ്ങിച്ച്, അതിരടിക്ക് പൈസ വാങ്ങിച്ച്. എടോ എനിക്ക് അത്രയും പൈസ ആവശ്യമില്ലെടോ ജീവിക്കാൻ. അത്രയും പൈസ വാങ്ങിച്ചിട്ട് ഞാനെന്ത് കാണിക്കാൻ. അങ്കം അട്ടഹാസത്തിന്റെ നിർമാതാവിനെ ഞാൻ വെല്ലുവിളിക്കുകയാണ്. സുരേഷ് ഗോപിയുടെ മോനേ മാധവ് സുരേഷ് നിന്നോട് ഞാൻ പറയുകയാണ്. എവിടെ തെളിവ്, തെളിവ് കാണിച്ചിട്ട് പറയെടാ.
ഒരാളുടെ അടുത്ത് നിന്ന് ഒരു കാലിചായ വാങ്ങി കുടിക്കാത്ത ഒരാളാണ് ഞാൻ. മാധവ് സുരേഷേ നിനക്ക് എവിടുന്നാടാ ഞാൻ പൈസ വാങ്ങിച്ചതിന് തെളിവ് കിട്ടിയത്. എവിടുന്നാടാ പൈസ വാങ്ങിച്ചത്. നിന്റെ ചേട്ടനുണ്ടല്ലോ ഗോകുൽ സുരേഷ്. അദ്ദേഹത്തിന്റെ സിനിമയ്ക്കൊക്കെ എനിക്ക് ഇഷ്ടപ്പെട്ടിട്ട് പോസിറ്റീവ് പറഞ്ഞിട്ടുള്ള ആളാണ് ഞാൻ. നിന്റെ അച്ഛന്റെ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഫാനായിരുന്നു ഞാൻ ഒരു കാലത്ത്. 'ബഡാ ദോസ്ത്' ഒക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ആളാണെടാ ഞാൻ. ടൈഗർ, ചിന്താമണി കൊലക്കേസ് ഇതൊക്കെ ഫസ്റ്റ് ഡേ കണ്ടവാനാടാ ഞാൻ. നിന്റെ അച്ഛന്റെ ഫാനാടാ ഞാൻ. ഉളുപ്പുണ്ടോടാ നിനക്ക് എന്നെക്കുറിച്ച് പറയാൻ. ഞാൻ പൈസ വാങ്ങിയതിന് എന്തെങ്കിലും ഒരു കണക്ക് കാണിച്ചു തന്നാൽ ഈ പണി ഞാൻ നിർത്തും. ഈ റിവ്യൂ ഇടൽ നിർത്തിയിട്ട് വിഡി സതീശൻ പണ്ട് പറഞ്ഞതു പോലെ വനവാസത്തിന് പോകും ഞാൻ. കളിക്കുന്നോടാ നീയൊക്കെ.
ഒരു ലക്ഷം രൂപ കൊടുത്താൽ പോലും ഒരാളു പോലും ഈ പടം കാണില്ല. കാരണം ടോർച്ചറിങ് അനുഭവിക്കാൻ മനുഷ്യർക്ക് താല്പര്യമില്ല. ഭൂരിഭാഗം പേരുടെയും സ്ട്രഗിളിങ് ലൈഫ് ആണിപ്പോൾ. ഒരു 15 ലക്ഷമൊക്കെ പറഞ്ഞാൽ ഒരു മാന്യതയുണ്ട്. ഒരു ലക്ഷം ഉലുവ എന്നാ ഞാൻ പറയുന്നേ. എടാ ഗൂഗിൾ എത്ര രൂപയാ തരുന്നതെന്ന് നീ ചോദിച്ച് നോക്ക്. 10 പൈസ ഞാൻ വാങ്ങൂല്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ ലീവ് എടുത്തിട്ട് റിവ്യൂ ചെയ്യുന്നത്. ഈ നിമിഷം ഞാനോർക്കുന്നത് എന്റെ ധ്യാനിനെയാ. എത്ര പടം ഞാൻ ആ ധ്യാനിനെ പറഞ്ഞെടാ. ഇന്നുവരെ ആ മനുഷ്യൻ, എന്റെ ധ്യാൻ കുട്ടൻ എനിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, എപ്പോഴും എനിക്ക് മെസേജ് അയക്കാറുണ്ട്. ധ്യാനിനെപ്പോലെ ആകണമെങ്കിൽ നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല."


